കേരള രാഷ്ട്രീയത്തില്‍ ഹീറോ പരിവേഷം കൈവരിച്ചിട്ടുള്ളയാളാണ് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം. സ്വതശിദ്ധമായ ശൈലികളും ആരെയും കൂസാത്ത പ്രകൃതവും നാട്ടുകാരോടുള്ള സ്നേഹവും ജോര്‍ജിനെ ഹീറോ ആകാന്‍ സഹായിച്ച ഘടകങ്ങളാണ്.
രാഷ്ട്രീയത്തിലെ പുലിയായ പി സി ജോര്‍ജ് ഇനി വെള്ളിരയിലും പുലിയാകാന്‍ കച്ചകെട്ടിക്കഴിഞ്ഞു. അച്ചായന്‍സ് എന്നു പേരിട്ടിട്ടുള്ള കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് പി സി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. പൂഞ്ഞാറുകാരുടെ അച്ചായനായ പി സി സിനിമയിലും അച്ചായനായിത്തന്നെയാണ് അഭിനയിക്കുന്നത്. അടിയും പിടിയുമൊക്കെയുള്ള കഥാപാത്രമാണ് ജോര്‍ജിന്റേത്.
ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണന് താമരക്കുളം- ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് അച്ചായന്‍സ്. പി സി ജോര്‍ജിന്റെ നാലാമത്തെ ചിത്രമാണിത്. പി സി മുമ്പും ചില ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയക്കാരന്റെ വേഷം ഇതാദ്യമാണ്.
സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന പി സി ഇതു വരെ കിട്ടിയ വേഷങ്ങളെല്ലാം തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്, ആദില്‍, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് നായകന്മാര്. അമല പോളും ശിവദയുമാണ് ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. സച്ചി – സേതു കൂട്ടുകെട്ടിലെ സേതുവാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
കോമഡിയും സസ്പെന്‍സും നിറഞ്ഞ ഒരു ഫണ്‍ ത്രില്ലര്‍ മൂഡില്‍ പോകുന്ന ചിത്രമാണ് അച്ചായന്‍സ്. ഫോര്‍ട്ട് കൊച്ചി, വാഗമണ്‍, തേനി, കമ്പം, മൂന്നാര്‍, ഹൈദരാബാദ് എന്നിവടങ്ങളിലായാണ് ചിത്രീകരണം നടന്നത്.