പുൽപ്പള്ളി: മുപ്പത്തിരണ്ടുവർഷം മുന്പു കാണാതായ ഗൃഹനാഥനെ കുടുംബാംഗങ്ങൾ കണ്ടെത്തിയതു ശവമഞ്ചത്തിൽ. ബത്തേരി മൂന്നാനക്കുഴി സ്വദേശിയായിരുന്ന പളളത്തുകുടി ജോർജിന്റെ(65) ഭാര്യ ലീലാമ്മയ്ക്കും മക്കൾ റെജി, ഡൈജു എന്നിവർക്കുമാണ് വിചിത്രയോഗം.
മരിച്ചുവെന്നു കരുതി രണ്ടുപതിറ്റാണ്ടായി എല്ലാ വർഷവും മരണാനന്തര ക്രിയ നടത്തിവരുന്നതിനിടെയാണ് നടവയൽ ഓസാനാം ഭവനിൽ കഴിഞ്ഞ ദിവസം മരിച്ചത് ജോർജാണെന്ന് ലീലാമ്മയും മക്കളും അറിഞ്ഞത്. ഓസാനം ഭവനിലെ രജിസ്റ്ററിൽ ജോർജിന്റേതായി ഉണ്ടായിരുന്ന വിവരങ്ങൾ വച്ച് സെക്രട്ടറി വിൻസന്റ് ജോണും ബത്തേരി സ്വദേശി ഫ്രാൻസിസ് പുലിക്കോട്ടിലും നടത്തിയ അന്വേഷണമാണ് ലീലാമ്മയെയും മക്കളെയും മരണവിവരം അറിയിക്കുന്നതിനു സഹായകമായത്.
അവസാനമായാണെങ്കിലും ജോർജിനെ ഒരുനോക്കു കാണാനായതിന്റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ. അഞ്ചു മാസം മുന്പാണ് ജോർജ് ഓസാനാം ഭവൻ(വൃദ്ധസദനം) അന്തേവാസിയാകുന്നത്. ആസ്ത്മ മൂർച്ഛിച്ചു കുടകിൽനിന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ജോർജിനെ സംരക്ഷിക്കാൻ ആരുമില്ലെന്നു കണ്ടു ഡിഎംഒ ആവശ്യപ്പെട്ടതനുസരിച്ചാണ് ഓസാനാം ഭവനിലേക്കു കൊണ്ടുവന്നത്.
ബത്തേരി കുപ്പാടിയിലെ വീട്ടിൽനിന്നു എട്ടാം വയസിൽ പുറപ്പെട്ടുപോയതാണെന്നും അവിവാഹിതനാണെന്നുമാണ് ജോർജ് ഓസാനാം ഭവൻ നടത്തിപ്പുകാരെ അറിയിച്ചിരുന്നത്. ബത്തേരി മൂന്നാം മൈലിൽനിന്നു 33 വർഷം മുന്പു ജോർജ് പോയെങ്കിലും ബന്ധുക്കളിൽ ചിലർ അവിടെ ഉണ്ടായിരുന്നതാണ് കുടുംബത്തെ കണ്ടെത്തുന്നതിനു സഹായിച്ചത്.
1986ൽ ഭാര്യ ലീലാമ്മ സൗദിയിൽ ജോലിക്കുപോയതിനു പിന്നാലെയാണ് ജോർജ് വീടുവിട്ടത്. ലീലാമ്മ വിദേശത്തുപോകുന്പോൾ റെജിക്കു പതിനൊന്നും ഡൈജുവിന് ഒന്പതും വയസായിരുന്നു.
ഭാര്യ വിദേശത്തു പോയി ആറുമാസം തികയുംമുന്പേ ജോർജ് കുപ്പാടിയിലെ അരയേക്കർ സ്ഥലവും വീടും വിറ്റ് കൊട്ടിയൂർ അന്പായത്തോടിലേക്ക് മാറി. കുറച്ചുകാലം കഴിഞ്ഞു മക്കളെ ഉപേക്ഷിച്ചു ജോർജ് അന്പായത്തോട് വിട്ടു. ഒരു വർഷം കഴിഞ്ഞു തിരിച്ചെത്തിയ ജോർജ് അന്പായത്തോടിലെ പത്തു സെന്റ് സ്ഥലവും വീടും വിറ്റു. പിന്നീട് മക്കളെ ലീലാമ്മയുടെ ബത്തേരി മലവയലിലെ പിതൃഗൃഹത്തിലാക്കി എങ്ങോ പോകുകയായിരുന്നു.
സൗദിയിൽനിന്നു ലീലാമ്മ തിരിച്ചെത്തിയാണ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. ലീലാമ്മയും മക്കളും ജോർജിനെ പലേടത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ ജോർജ് മരിച്ചുവെന്ന വിശ്വാസത്തിലാണ് മരണാന്തരക്രിയകൾ ചെയ്യാൻ തുടങ്ങിയത്.