പ്രളയ ദുരിതാശ്വാസമായി വീട്ടില്‍ വെള്ളം കയറിയ എല്ലാ വീട്ടുകാര്‍ക്കും പതിനായിരം രൂപ വീതം നല്‍കുന്ന പദ്ധതി നടന്നു വരികയാണ്. ഇതിനിടയിലും കണ്ണില്‍ച്ചോരയില്ലാത്ത അനര്‍ഹര്‍ പോലും പതിനായിരം രൂപ തട്ടിയെടുക്കുന്നുണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് നന്മ നിറഞ്ഞതും വിശ്വസിക്കാന്‍ പ്രയാസകരവുമായ ഒരു വാര്‍ത്ത വന്നിരിക്കുന്നത്.
സര്‍ക്കാര്‍ സഹായത്തിന് നൂറു ശതമാനവും അര്‍ഹതയുണ്ടെങ്കിലും അത് വേണ്ടെന്ന് വച്ചുകൊണ്ട് ചെറായി ബീച്ച് പരിസരത്തുള്ള കാനപ്പിള്ളി ജോര്‍ജ് പറയുന്ന കാര്യമാണ് ഇപ്പോള്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
വീട്ടില്‍ വെള്ളം കയറാഞ്ഞിട്ടല്ല. പക്ഷേ അതിന്റെ പേരില്‍ സഹായവുമായി കാനപ്പിള്ളി വീടിന്റെ പടി കടന്നുവരുന്നതു സര്‍ക്കാരായാലും വീട്ടുകാരന്‍ ജോര്‍ജിന് അതു വേണ്ട. വേണ്ടെന്നു വെറുതെ പറയുകയല്ല അക്കാര്യം വ്യക്തമായി വെള്ളക്കടലാസില്‍ എഴുതി വീടിനു മുന്നില്‍ത്തന്നെ പതിപ്പിച്ചിട്ടുമുണ്ട്.
സഹായധനവിതരണത്തിനുള്ള കണക്കെടുപ്പിന് എത്തിയ റവന്യു ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചു ജോര്‍ജിന്റെ കത്ത്. അവരിലൊരാള്‍ പങ്കുവച്ച നോട്ടീസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
പ്രളയസമയത്ത് ആദ്യം വെള്ളം കയറിയ വീടുകളിലൊന്നു തന്റേതായിരുന്നുവെന്നു കല്‍പ്പണിക്കാരനായ ജോര്‍ജ് പറയുന്നു. എന്നാല്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. ആകെ നനഞ്ഞു നശിച്ചതു കുറച്ചു പായകളും കറിപ്പൊടികളും മാത്രം. മറ്റു പലയിടങ്ങളിലെയും നാശനഷ്ടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ താന്‍ എന്തിനു നഷ്ടപരിഹാരം വാങ്ങണമെന്നാണു ജോര്‍ജിന്റെ ചോദ്യം.
തനിക്കു സഹായം നല്‍കുന്നതിനു പകരം ആ തുക വെള്ളപ്പൊക്കത്തില്‍ ആകെ തകര്‍ന്ന പറവൂര്‍ പെരുമ്പടന്ന കിഴക്കുഭാഗങ്ങളിലുള്ളവര്‍ക്കു നല്‍കണമെന്ന നിര്‍ദേശവും ജോര്‍ജ് കത്തില്‍ മുന്നോട്ടുവയ്ക്കുന്നു.
നട്ടെല്ലിലെ അസുഖത്തിനു ശസ്ത്രക്രിയ കഴിഞ്ഞതോടെ ജോലിക്കുപോകാന്‍ കഴിയാതായ ജോര്‍ജിനെ ഇപ്പോള്‍ ഹൃദ്രോഗവും അലട്ടുന്നുണ്ട്.
ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡാണു ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളുമടങ്ങിയ കുടുംബത്തിന്റേത്. അര്‍ഹതയില്ലാത്ത സഹായധനം വേണ്ടെന്ന് ഉറപ്പിച്ചുപറയുമ്പോഴും റേഷന്‍കാര്‍ഡ് ഒന്നു മാറ്റി നല്‍കാന്‍ അധികൃതര്‍ കരുണ കാണിക്കണമെന്നത് മാത്രമാണ് ജോര്‍ജിന് പറയാനുള്ളത്.