വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി അറിയിച്ചു.
ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കോടതി നടപടികള്‍ പ്രസിഡന്റ് ജോ ബൈഡന് വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു. കഴിഞ്ഞ മേയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്.
കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ ഷോവിന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ അമേരിക്കയിലുടനീളം വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. മിനിയാപോളീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഡെറിക് ഷോവിന്.
വ്യാജ കറൻസി കൈയിൽ വച്ചെന്ന കുറ്റമാരോപിച്ചാണ് പോലീസുകാർ ജോർജ് ഫ്ളോയിഡിനെ കസ്റ്റഡിയിലെടുത്തത്. കൈവിലങ്ങണിയിച്ച ഫ്ളോയിഡിന്റെ കഴുത്തിൽ ഡെറിക് ഷോവിൻ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
എനിക്ക് ശ്വാസം മുട്ടുന്നേ എന്ന് ജോർജ് ഫ്ലോയിഡ് പല തവണ യാചിച്ചിരുന്നുവെങ്കിലും വിട്ടയക്കാൻ പോലീസുകാർ തയാറായില്ല. തോമസ് കെ. ലെയ്ൻ, ടൗ താവോ, ജെ. അലക്സാണ്ടർ കുവെംഗ് എന്നിവരാണ് കുറ്റാരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്ഥർ.
ഇവർ ചേർന്നാണ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്തത്.ഷോവിനെയും കൊലപാതകത്തിൽ പരോക്ഷമായി പങ്കാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും സംഭവം നടന്ന് ഉടൻ തന്നെ ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.