കോട്ടയം: മുണ്ടക്കയത്ത് തൊഴിലാളികൾക്കു നേരെ തോക്കു ചൂണ്ടിയ സംഭവത്തിൽ പി.സി. ജോർജ് എംഎൽഎയും മുണ്ടക്കയം പോലീസിൽ പരാതി നല്കി. തന്നെ ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നു കാണിച്ചാണു അദേഹം പരാതി നല്കിയിരിക്കുന്നത്.
തന്നെ ആക്രമിക്കാൻ എത്തിയവരിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണു ലൈസൻസുള്ള തോക്ക് എടുത്തതെന്നും പരാതിയിൽ പറയുന്നുണ്ട്. അതേസമയം സംഭവം സംബന്ധിച്ചു മുണ്ടക്കയം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പി.സി. ജോർജ് എംഎൽഎ വെള്ളനാടി എസ്റ്റേറ്റിൽ എത്തിയപ്പോൾ മുതലുളള സംഭവങ്ങളാണു പോലീസ് അന്വേഷിക്കുന്നത്. പ്രദേശത്ത് ഉണ്ടായിരുന്നവരോടു പോലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചറിയുന്നുണ്ട്.
പ്രദേശത്ത് സംഘർഷമുണ്ടായതും തോക്കു ചൂണ്ടിയതുമായി ബന്ധപ്പെട്ടുള്ള സംഭവത്തിന്റെ വിഡിയോ ടേപ്പും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുകൂട്ടരും നല്കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടമായി വീഡിയോ ടേപ്പ് ഇന്നു പരിശോധിക്കും.
വിശദമായി സംഭവത്തിന്റെ വീഡിയോ കണ്ടെങ്കിൽ മാത്രമേ തൊഴിലാളികൾ പരാതിയിൽ പറയുന്നതു പോലെയുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നു മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി എംഎൽഎ കുറ്റക്കാരനാണെന്നു തെളിഞ്ഞെങ്കിൽ മാത്രമേ തുടർനടപടിയിലേക്കു കടക്കുയുള്ളൂവെന്നും മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ചു വിവിധ തൊഴിലാളി യൂണിയനുകൾ മുണ്ടക്കയത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. ഏറെ കടകളും അടഞ്ഞുകിടക്കുകയാണ്. ദീർഘദൂര ബസുകൾ ഒാടുന്നുണ്ട്. ഒാട്ടോ -ടാക്സി വാഹനങ്ങൾ ഒാടുന്നില്ല. ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ബാധിച്ചു