കോതമംഗലം: തുണ്ടം വനാന്തരത്തിൽ കാട്ടുപോത്തിനെ വെടിവച്ചു കൊന്ന കേസിൽ ഒളിവിലായിരുന്ന ആറാം പ്രതി അറസ്റ്റിൽ. വേങ്ങൂർ പഞ്ചായത്തിലെ കൊന്പനാട് പാലുണ്ണിപാറ ഊരക്കാടൻ ജോർജ് കുര്യാക്കോസ്(53) ആണ് അറസ്റ്റിലായത്.
കാട്ടുപോത്തിനെ വേട്ടയാടിയതിൽ ആറു പ്രതികളും വെടിയിറച്ചി വാങ്ങിയതുമായി ബന്ധപ്പെട്ട് 10 പ്രതികളുമുണ്ട്.
ഒന്നാം പ്രതി കോമയിൽ പോൾ, മാലിക്കുടി റെജി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുണ്ടം റേഞ്ചിലെ കരിന്പാനി സ്റ്റേഷൻ പരിധിയിലെ വനത്തിലെ മൂഞ്ഞ ഭാഗത്തു വച്ചാണ് പ്രതികൾ 2016 ൽ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വിൽപന നടത്തിയത്.
മരത്തിന് മുകളിലിരുന്ന് കോമയിൽ പോളാണ് കാട്ടുപോത്തിനെ വെടിവച്ചുവീഴ്ത്തിയത്. നാലു ദിവസം കാട്ടിൽ സൂക്ഷിച്ച് ഇറച്ചി ഉണക്കിയെടുത്താണ് വിൽപന നടത്തിയത്. പ്രതികൾ പെരിയാറിലൂടെ വഞ്ചിയിലെത്തിയാണ് കൊടുംകാട്ടിൽ പ്രവേശിച്ചത്. കോമയിൽ പോൾ മുന്പ് രണ്ട് കാട്ടുപോത്തിനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ്.
കൂട്ടുപ്രതികൾ അറസ്റ്റിലായപ്പോൾ മുങ്ങിയ ജോർജ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് വനപാലകർ പിടികൂടിയത്. തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവേൽ, കരിന്പാനി ഡപ്യൂട്ടി റേഞ്ച് ഓഫീസർ സി.എസ്. ഷെയ്ഖ് സാഹിൽ, ബിഎഫ്ഒമാരായ കെ.എൽ. അരുണൻ, എ.കെ. നിഷാദ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.