കോട്ടയം: നാലു പതിറ്റാണ്ടായി ബിജെപിയുടെ സൗമ്യ സാന്നിധ്യമാണ് കേന്ദ്രമന്ത്രിസഭയില്‍ അംഗീകാരം ലഭിച്ച അഡ്വ. ജോര്‍ജ് കുര്യന് (64). മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് കുര്യന് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിസ്ഥാനം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്.
രാഷ്ട്രീയ സംശുദ്ധത കൈവിടാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപിയെ നയിക്കുന്ന ന്യൂനപക്ഷ സമുദായാംഗമായ നേതാക്കളിലൊരാള്‍ എന്ന നിലയിലാണ് ജോര്‍ജ് കുര്യനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്.
കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തിലെ നമ്പ്യാകുളം ഗ്രാമത്തില്‍ സാധാരണ കര്‍ഷക കുടുംബത്തിലാണ് ജോര്‍ജിന്റെ ജനനം. പൊയ്ക്കാരന്‍കാലായില്‍ കുര്യന്റെയും അന്നമ്മയുടെയും ഇളയ മകനാണ്.
നാട്ടകം ഗവൺമെന്റ് കോളജിലെയും പാലാ സെന്റ് തോമസ് കോളജിലെയും പഠനത്തിനുശേഷം എല്‍എല്‍എബി പാസായി. ഡല്‍ഹിയിലും കോട്ടയത്തും ഏറെ നാള് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപിയില്‍നിന്ന് അകന്നുനിന്ന കാലത്താണ് ഇദ്ദേഹം വിദ്യാര്‍ഥി മോര്‍ച്ചയിലൂടെ സംഘടനയില്‍ ചേരുന്നത്.
1977ല്‍ ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിക്കുമ്പോള്‍ വിദ്യാര്‍ഥി മോര്‍ച്ചയുടെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച് യുവജന സംഘടനാ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചു.
1980ല്‍ ബിജെപിയില്‍ ചേര്‍ന്നു. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായപ്പോള്‍ ഓഫീസ് ചാര്‍ജുള്ള പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ബിജെപി ദേശീയ നിര്‍വാഹ സമിതിയംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്്, സംസ്ഥാന വക്താവ് എന്നീ നിലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനമാണ് നടത്തിയത്. ടിവി ചാനലുകളില്‍ ബിജെപിയുടെ നാവായി തിളങ്ങി. ഏതു വിഷയവും ആധികാരികമായി പഠിച്ച് കൃത്യതയോടെ അവതരിപ്പിക്കാന്‍ ജോര്‍ജ് കുര്യന് അസാമാന്യ പ്രാഗത്ഭ്യമുണ്ട്.
അനാവശ്യമായ വാക്കോ വിവാദങ്ങളോ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങൾ ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മീഷന് വെസ് ചെയര്‍മാനായ ആദ്യ മലയാളിയാണ്. 1991ലും 98ലും കോട്ടയത്തു നിന്നും 1996ല്‍ മൂവാറ്റുപുഴയില്‍നിന്നും ലോക്സഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി. 2016 പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിക്കാന്‍ നിയോഗിക്കപ്പെട്ടതും ജോര്‍ജ് കുര്യനായിരുന്നു.
നിലവില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. ഭാര്യ അന്നമ്മ മിലിട്ടറി മേജര്‍ നഴ്സായി വിരമിച്ചു. രണ്ടു മക്കളാണുള്ളത്. ആദര്‍ശ് (കാനഡ), ആകാശ് (ജോര്‍ജിയ).
എന്നും ഒരു പക്ഷം, ഒരേ നിലപാട്
കോട്ടയം: നാട്ടുകാര്‍ക്ക് ജോര്‍ജ് ചേട്ടന്, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുര്യന്‍ജി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ജോര്‍ജ് കുര്യന് അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനും ജനകീയനായ നേതാവുമാണ്. ചെറുപ്പം മുതല്‍ ഒരേ രാഷ്ട്രീയ വിചാരധാരയില്‍ അടിയുറച്ചു നിന്ന വ്യക്തിത്വമാണ് ജോര്‍ജ് കുര്യന്. പാര്‍ട്ടി പരാജയപ്പെടുമ്പോഴും പ്രതിസന്ധികള്‍ ഉണ്ടായപ്പോഴുമൊക്കെ മറ്റു പാര്‍ട്ടികളില്‍നിന്ന് ഓഫറുകള്‍ തേടിയെത്തിയെങ്കിലും ഇദ്ദേഹം ബിജെപിയില്‍ അടിയുറച്ചു നിലകൊണ്ടു.
19-ാം വയസില്‍ വിദ്യാര്‍ഥി, യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ ബിജെപിയിലെത്തി നാലു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന ജോര്‍ജ് കുര്യന് എക്കാലവും സൗമ്യനാണ്.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായപ്പോള്‍ മുതല്‍ തിരുവനന്തപുരത്തെ മാരാര്‍ജി മന്ദിരം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഹിന്ദി ഭാഷയിലെ പ്രാവീണ്യം ദേശീയ തലത്തിലെ പ്രവര്‍ത്തനങ്ങളില്‍ നേട്ടമായി. പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ കേരളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോര്‍ജ് കുര്യന് ആഡംബരങ്ങളോട് ഭ്രമമില്ലാത്തയാളായിരുന്നു. ഭക്ഷണത്തിലും വസ്ത്രത്തിലുമൊക്കെ തികഞ്ഞ മിതത്വം. കേരളത്തില്‍ ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയങ്ങളില്‍ ഒരിക്കലും ജോര്‍ജ് കുര്യനെ കാണാന്‍ സാധിക്കില്ല. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നല്‍കുകയായിരുന്നു. ചുരുങ്ങിയ കാലയളവില്‍ മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്.
ജിബിന്‍ കുര്യന്