ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആര്പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ. ആദ്യ രണ്ടു നിയമസഭകളില്‍ ഉള്‍പ്പെടെ മൂന്നു തവണ എംഎല്‍എ ആയിരുന്ന അദ്ദേഹം രണ്ടാം നിയമസഭയില്‍ ഗവണ്മെന്റ് ചീഫ് വിപ്പായിരുന്നു. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആര്‍പ്പൂക്കരയില്‍ സ്ഥാപിച്ചതാണ് പ്രധാന നേട്ടം.
കോട്ടയത്ത് അനുവദിച്ച കേരളത്തിലെ മൂന്നാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ആര്‍പ്പൂക്കരയില്‍ സ്ഥാപിതമായത് അന്നത്തെ ഏറ്റുമാനൂര്‍ എംഎല്‍എ ജോര്‍ജ് ജോസഫ് പൊടിപാറയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടു മാത്രം. മെഡിക്കല്‍ കോളജ് വടവാതൂരില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുമ്പോഴായിരുന്നു സമര്‍ഥമായ ഇടപെടലിലൂടെ പൊടിപാറ ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളജ് നേടിയെടുത്തത്.
1960 ലെ രണ്ടാം നിയമസഭയുടെ കാലത്താണ് കോട്ടയത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വി.കെ. വേലപ്പന് ആയിരുന്നു ആരോഗ്യമന്ത്രി. ജോര്‍ജ് ജോസഫ് പൊടിപാറ അന്ന് ഗവണ്മെന്റ് ചീഫ് വിപ്പാണ്. ഈ സ്ഥാനവും സര്‍ക്കാരിലുള്ള സ്വാധീനവും തനിക്ക് ലഭിക്കേണ്ടിയിരുന്ന മന്ത്രിസ്ഥാനം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട സാഹചര്യവും തന്ത്രപരമായി മുതലെടുത്താണ് അദ്ദേഹം മെഡിക്കല്‍ കോളജ് ആര്‍പ്പൂക്കരയില്‍ എത്തിച്ചത്.
മെഡിക്കല്‍ കോളജിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി സമയബന്ധിതമായി ഏറ്റെടുപ്പിക്കാന്‍ സാധിച്ചതും പൊടിപാറയ്ക്ക് നേട്ടമായി. കുമാരനല്ലൂര്‍, അതിരമ്പുഴ, ആര്‍പ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന 295 ഏക്കര്‍ സ്ഥലമാണ് ആശുപത്രിക്കും കോളജിനുമായി ഏറ്റെടുത്തത്. പ്രധാനമായി നാലു കുടുംബങ്ങളുടെ കൈവശമിരുന്ന ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം കാട്ടിയ കര്‍മകുശലത പ്രശംസനീയമായിരുന്നു.
ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ തീരുമാനിച്ച് ഏറെ വൈകാതെ മന്ത്രി വേലപ്പന് അന്തരിച്ചു. പിന്നീട് ആരോഗ്യ മന്ത്രിയായ എം.പി. ഗോവിന്ദന് നായരുടെ പ്രത്യേക താത്പര്യത്തില്‍ മെഡിക്കല്‍ കോളജ് അതിവേഗം യാഥാര്‍ഥ്യമായി.1961ല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പഠനം ആരംഭിച്ചു. 1962 ല്‍ ആര്‍പ്പൂക്കരയില്‍ കാമ്പസ് തുറന്നു. കോളജിന്റെ ഔപചാരിക ഉദ്ഘാടനം 1962 ഡിസംബര്‍ മൂന്നിന് മുഖ്യമന്ത്രി ആര്. ശങ്കര്‍ നിര്‍വഹിച്ചു.
അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ച കോട്ടയം മെഡിക്കല്‍ കോളജ് പതിനായിരക്കണക്കിന് സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളുടെ അവസാന ആശ്രയമാണ്. ജോര്‍ജ് ജോസഫ് പൊടിപാറ എന്ന ജനപ്രതിനിധിയുടെ ഇച്ഛാശക്തിയുടെ അടയാളമായി പ്രൗഢിയോടെ നിലകൊള്ളുകയാണ് കോട്ടയം മെഡിക്കല്‍ കോളജ്.