മലയാളി പ്രേക്ഷകരുടെ അംഗീകാരം നേടിയെടുക്കുക എന്നത് അഭിനേതാക്കള്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. അവരംഗീകരിച്ച് കഴിഞ്ഞാലോ പിന്നെ തിരിഞ്ഞ് നോക്കേണ്ടിയും വരില്ല. നിരവധി താരങ്ങളുടെ ജീവിതം ഇതിനുദാഹരണമാണ്. ഏത് സിനിമയിലെ ഏത് കഥാപാത്രത്തോടുകൂടിയാണോ ഒരു വ്യക്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാവുന്നത്, ആ സിനിമയുടെ അല്ലെങ്കില്‍ കഥാപാത്രത്തിന്റെ പേരിലാവും പിന്നീട് ആ വ്യക്തി അറിയപ്പെടുക. സ്വന്തം പേരിനോടൊപ്പം ആ നാമവുംകൂടി ഔദ്യോഗികമായി ചേര്‍ക്കുന്നവരുമുണ്ട്. കീരിക്കാടന്‍ ജോസ്്, കാതല്‍ സന്ധ്യ തുടങ്ങിയവയെല്ലാം ഉദാഹരണമാണ്. അത്തരത്തില്‍ സിനിമാപ്പേര് ഒപ്പം കൂട്ടിയ വ്യക്തിയാണ് സ്ഫടികം ജോര്‍ജ്. ആ സിനിമയും പേരും തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ ചില മാറ്റങ്ങളെക്കുറിച്ച് സ്ഫടികം ജോര്‍ജ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി. അതിങ്ങനെയായിരുന്നു…
രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും കുറ്റിക്കാടനെ ഓര്‍ക്കുമ്പോള്‍ ആളുകള്‍ വിറയ്ക്കുന്നുണ്ട്. സ്ഫടികം ജോര്‍ജിനെ കാണുമ്പോള്‍ പേടിച്ച് മാറുന്നുണ്ട്. ആളുകള്‍ക്ക് എന്നെ കാണുന്നത് പേടിയായിരുന്നു. ഹലോ എന്ന സിനിമ ചെയ്യുന്നത് വരെ പരിചയപ്പെടാന്‍ ആളുകള്‍ വന്നിട്ടില്ല. പക്ഷേ ഹലോയില്‍ അല്‍പ്പം കോമഡി ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെട്ടു. കാലഘട്ടത്തിന് അനുസരിച്ച് എല്ലാം മാറി കൊണ്ടിരിക്കും. സിനിമയും കഥാപാത്രങ്ങളും എല്ലാം.
ഒരു നടന് എന്ന നിലയില്‍ എനിക്ക് വളരാന്‍ മോഹന്‍ലാല്‍ വലിയ പ്രചോദനമായിട്ടുണ്ട്, അദ്ദേഹം പോലും അറിയാതെ. എങ്ങനെ പ്രൊഫഷണലാകാം എന്നത് പഠിപ്പിച്ചു തന്നതും മോഹന്‍ലാലാണ്. അതുവരെ ഞാനൊരു അമച്വര്‍ ആര്‍ട്ടിസ്റ്റായിരുന്നു. കഥാപാത്രം ഭദ്രന് സാര്‍ എന്നെ വിശ്വസിച്ച് ഏല്പിച്ചു. പിന്നീട് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. ജോര്‍ജ് പറയുന്നു.