കോട്ടയം: പാലിയേക്കര ടോൾ പ്ലാസയിലേത് അനധികൃത പിരിവെന്ന് പി.സി.ജോർജ് എംഎൽഎ. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. ജനപക്ഷം മലപ്പുറം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്നു താൻ. ട്രെയിൻ കിട്ടാത്തതിനാൽ ജില്ലാ പ്രസിഡന്റിന്റെ കാറിലായിരുന്നു മടക്കം.
പാലിയേക്കര ടോൾ പ്ലാസയിൽ എത്തി. തന്റെ വാഹനം എത്തി അൽപ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാൻ ആരുമെത്തിയില്ല. കുറച്ചു നേരം കഴിഞ്ഞ് താനിറങ്ങി ഐഡന്റിറ്റി കാർഡ് കാണിച്ചിട്ടും ആരും ഗൗനിച്ചില്ല. ഇതോടെ പിന്നാലെ വാഹനങ്ങളിൽ വന്നവരും പുറത്തിറങ്ങി ബഹളം വച്ച് തനിക്കു പിന്തുണ നല്‍കിയതോടെയാണ് ഗേറ്റും മറ്റും വലിച്ചുപൊളിക്കാനിടയാക്കിയത്.
കാലാവധി കഴിഞ്ഞിട്ടും പിരിവ് തുടരുകയാണ്. പദ്ധതി പൂർത്തിയാക്കാൻ വേണ്ടിയല്ല ഇപ്പോഴത്തെ പിരിവെന്നും പി.സി.ജോർജ് ആരോപിച്ചു.