ഒരു യുവതിയുടെ ഒന്പതു വർഷം മുന്പത്തെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിക്കാം: തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ ഒരു സാധാരണ പരിചാരികയായിരുന്നു അവൾ.
ഒരു കുടുംബത്തോടൊപ്പം താമസിച്ച് അവരുടെ കുട്ടികളെ നോക്കാനും വീട്ടുജോലികളിൽ സഹായിക്കാനും അവൾക്കു കിട്ടിയിരുന്നത് മണിക്കൂറിന് ഒന്പതര യൂറോ. ഇന്ത്യൻ കറൻസിയിലേക്കു മാറ്റിയാൽ ഇന്നത്തെ കണക്കിൽ ഏതാണ്ട് 815 രൂപയുണ്ട്.
എന്നാൽ അവിടെ അന്നത് വളരെ ചെറിയൊരു തുകയായിരുന്നു. എട്ടു മണിക്കൂർ പണിയെടുത്താൽ കിട്ടുന്നത് ഏതാണ്ട് 76 യൂറോ മാത്രം. അത്രയും തുകകൊണ്ട് അവൾ ഒരുവിധം തെറ്റില്ലാതെ ജീവിച്ചുവന്നു.
അവളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഇന്നവൾക്ക് പ്രതിമാസം 80,000 യൂറോ അലവൻസുണ്ട്. ഏതാണ്ട് 69 ലക്ഷം രൂപ. യാത്രകൾ സാധാരണയായി നടത്തുന്നത് ഒരു സ്വകാര്യ ജെറ്റ് വിമാനത്തിലാണ്.
അവളുടെ കൈവിരലിൽ ആറു ലക്ഷത്തിലേറെ യൂറോ (ഏതാണ്ട് അഞ്ചു കോടി 30 ലക്ഷം രൂപ) വിലവരുന്ന ഒരു മോതിരവുമുണ്ട്. വരട്ടെ, ഞെട്ടാറായിട്ടില്ല.
എങ്ങനെയാണ് അവൾ ഈ വിധം മാറിയത്? ജോർജിന റോഡ്രിഗ്സ് എന്ന അവളിന്ന് “മിസിസ് റൊണാൾഡോ’ ആണ്! അതെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി.
ജീവിതം മാറ്റിമറിച്ച നോട്ടം
നാലു വർഷം മുന്പാണ് ക്രിസ്റ്റ്യാനോയുടെ കണ്ണുകൾ ജോർജിനയിൽ പതിഞ്ഞത്. അന്നവൾക്ക് 22 വയസ്., ക്രിസ്റ്റ്യാനോയ്ക്ക് 31. പ്രശസ്തമായ ഗൂച്ചിയുടെ സ്പെയിനിലെ ഒരു ഷോപ്പിൽ സെയിൽസ് അസിസ്റ്റന്റായി ജോലി നോക്കുകയാണ് ജോർജിന അന്ന്. ഷോപ്പിലെത്തിയ ക്രിസ്റ്റ്യാനോ ജോർജിനയെ കണ്ടു- ലവ് അറ്റ് ഫസ്റ്റ് സൈറ്റ്!
ഇന്ന് ലോകത്തെ ഏറ്റവും സന്പന്നയായ കാമുകി ഒരുപക്ഷേ അവളായേക്കാം. അലന മാർട്ടിന എന്ന ക്രിസ്റ്റ്യാനോയുടെ രണ്ടുവയസുകാരി മകളുടെ അമ്മയുമാണ് അവൾ.
തിരിഞ്ഞുനോക്കുന്പോൾ ഏതോ മാന്ത്രിക കഥയിലെ അധ്യായംപോലെ തോന്നും ജോർജിനയുടെ ജീവിതം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല.
പ്രത്യേകിച്ച് രണ്ടുവർഷം മുന്പ് ക്രിസ്റ്റ്യാനോയ്ക്കെതിരേ കടുത്ത ലൈംഗികാരോപണം വന്ന വേളയിൽ. 2009ൽ ലാ വെഗാസിലെ ഹോട്ടലിൽവച്ച് ക്രിസ്റ്റ്യാനോ തന്നെ ബലാൽക്കാരം ചെയ്തുവെന്നായിരുന്നു ഒരു സ്ത്രീയുടെ ആരോപണം.
ക്രിസ്റ്റ്യാനോ അതു നിഷേധിച്ചിരുന്നു. ആ സമയം അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു ജോർജിന. അടുത്തയിടെ ഒരഭിമുഖത്തിൽ അവൾ പറഞ്ഞതിങ്ങനെ:
ലോകപ്രശസ്തനായ ഒരാളുടെ പങ്കാളിയായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഞാനത് മറ്റുള്ളവർക്കുവേണ്ടി മാറ്റില്ല.
സ്വപ്നം കാണാത്ത ജീവിതം
വടക്കൻ സ്പെയിനിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിലാണ് ജോർജിന ജനിച്ചത്. അവളെ കാര്യമായി പഠിപ്പിക്കാനൊന്നും മാതാപിതാക്കൾക്കു കഴിഞ്ഞില്ല. പതിനഞ്ചാം വയസിൽ അവൾ വീടുവിട്ടിറങ്ങി.
ആഴ്ചയിൽ 250 യൂറോ ശന്പളത്തിന് ഒരു കടയിൽ ജോലികിട്ടി. അഞ്ചുപേർക്കൊപ്പം പഴയൊരു വീടു വാടകയ്ക്കെടുത്തായിരുന്നു താമസം. പിന്നീട് തുണികൾ വിൽക്കുന്ന ചെറിയൊരു കടയിലേക്കു മാറി.
ലക്ഷ്വറി ഉല്പന്നങ്ങൾ വിൽക്കുന്ന മേഖലയിൽ ഒരു ജോലി നേടുകയായിരുന്നു അവളുടെ ലക്ഷ്യം. അങ്ങനെ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. വൈകാതെ ഇംഗ്ലണ്ടിലെത്തി പരിചാരികയുടെ വേഷവുംകെട്ടി.
രണ്ടു വർഷത്തിനുശേഷം സ്പെയിനിൽ മടങ്ങിയെത്തി ലോകപ്രശസ്ത ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ആയ ഗൂച്ചിയുടെ ഷോപ്പിൽ ജോലിനേടി.
അവിടെവച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടുമുട്ടിയത്. ഞങ്ങൾ രണ്ടുപേർക്കും അത് ഒറ്റ നോട്ടത്തിലുണ്ടായ പ്രണയമായിരുന്നു- ജോർജിന പറയുന്നു.
രഹസ്യം പൊളിഞ്ഞു
തങ്ങളുടെ ബന്ധം അതീവ രഹസ്യമാക്കി വയ്ക്കാൻ ഇരുവരും കാര്യമായി ശ്രമിച്ചിരുന്നു. പക്ഷേ രഹസ്യത്തിനു കാര്യമായ ആയുസുണ്ടായില്ല. റയൽ മാഡ്രിഡ് ആരാധകർ വിവരം മണത്തറിഞ്ഞു. ജോർജിനയുടെ ഫോട്ടോ പകർത്താൻ ഒട്ടേറെപ്പേർ ഗൂച്ചി ഷോപ്പിൽ എത്തിത്തുടങ്ങി.
അതോടെ കടയുടമ പൊറുതിമുട്ടി. 2016 ഡിസംബർ ആയപ്പോഴേക്കും ജോർജിനയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. തുടർന്ന് പ്രാഡയുടെ സ്റ്റോറിൽ ജോലി കണ്ടെത്തിയെങ്കിലും പാപ്പരാസികൾ അവിടെയുമെത്തി. ഫോണ്വിളികളുടെ ബഹളമായി. ജോലി ഉപേക്ഷിക്കാതെ തരമില്ലെന്നായി.
മക്കളുടെ അമ്മ
ജോർജിന അലനയെ ഗർഭിണിയായിരുന്ന സമയത്ത് ക്രിസ്റ്റ്യാനോയ്ക്ക് വാടക ഗർഭപാത്രത്തിൽ ഇരട്ടക്കുട്ടികൾ പിറന്നിരുന്നു- ഇവയും മേഷ്യോയും. അവർക്കിപ്പോൾ മൂന്നു വയസുണ്ട്.
ക്രിസ്റ്റ്യാനോ ജൂനിയർ ടെൻ എന്ന പേരുള്ള ഒരു മകൻകൂടിയുണ്ട് ക്രിസ്റ്റ്യാനോയ്ക്ക്. അവന്റെ അമ്മ ആരെന്ന് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അങ്ങനെ നാലു മക്കളുടെ മുഴുവൻസമയ അമ്മയാണ് ജോർജിന റോഡ്രിഗ്സ് ഇപ്പോൾ. ഇങ്ങനെയൊരു അമ്മവേഷം എടുക്കുന്പോൾ ജോർജിനയ്ക്ക് ഇരുപതുകളുടെ തുടക്കമേ ആയിരുന്നുള്ളൂ. തീർച്ചയായും അത് ഞങ്ങളെ കൂടുതൽ അടുപ്പിച്ചു- ജോർജിന പറയുന്നു.
എപ്പൊ കല്യാണം?
കഴിഞ്ഞ ഓഗസ്റ്റിൽ തന്റെയും ക്രിസ്റ്റ്യാനോയുടെയും ചിത്രം ജോർജിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഒരു ചുവന്ന പനിനീർപ്പൂവിന്റെ ഇമോജി ചേർത്ത്, യെസ് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം.
ദിവസങ്ങൾക്കകം കോടികൾ വിലമതിക്കുന്ന കാർഷ്യർ മോതിരമണിഞ്ഞും അവൾ പ്രത്യക്ഷപ്പെട്ടു. ഒൗദ്യോഗികമായ വിവാഹത്തിന്റെ സൂചനകളാകാം ഈ ചിത്രങ്ങളെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
2018ൽ റൊണാൾഡോ യുവന്റസിൽ ചേർന്ന സമയം ഇരുവരും ഇറ്റലിയിലേക്കു മാറി. അതിനു മുന്പ് മാഡ്രിഡിൽ ജോർജിന ഒരു ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സ് പൂർത്തിയാക്കിയിരുന്നു.
എനിക്കു സ്വന്തമായി പണം സന്പാദിക്കുന്നതാണ് ഇഷ്ടം എന്നായിരുന്നു അതേക്കുറിച്ചുള്ള അവളുടെ പ്രതികരണം. ഏതവസ്ഥയിലും സ്വന്തം കാലിൽ നിൽക്കാൻ ജോർജിന പ്രാപ്തയാണെന്നു തെളിയിക്കുന്നു ഈ വാക്കുകൾ.
അടുത്തയിടെ ക്രിസ്റ്റ്യാനോയോടു ചോദിച്ചു, ജോർജിനയെ കല്യാണം കഴിക്കുമോ? ഉറപ്പായും, എന്നെങ്കിലുമൊരു ദിവസം എന്നായിരുന്നു ഉത്തരം.
ജോർജിന പറയുന്നത് ഇങ്ങനെ: അദ്ദേഹം എന്റെയൊപ്പമുള്ളപ്പോൾ എനിക്ക് എല്ലാമുണ്ട്. സ്നേഹവും പരിഗണനയുമെല്ലാം. സ്നേഹം എല്ലാറ്റിനെയും കീഴടക്കുന്നു.
പണത്തിന്റെ കാര്യത്തിൽ മാത്രമല്ല, സ്നേഹംകൊണ്ടും അവളിന്നൊരു രാജ്ഞിയാണ്! അതുകൊണ്ടുതന്നെ ഇതൊരു അത്ഭുത മാന്ത്രിക കഥയല്ല, പ്രണയകാവ്യമാണ്.
തയാറാക്കിയത്: വി.ആർ.