വണ്ടൂർ: എക്സൈസ് ഓഫീസറെ വെടിവെച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വണ്ടൂർ പോലീസ് ഇൻസ്പെക്ടർ കെ. അബ്ദുൾ മജീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ ലഹരിക്കടത്ത് കേസിലെ പ്രതിയെ വീട് വളഞ്ഞ് പിടികൂടുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റത്.
കോട്ടയം നീണ്ടൂർ ചക്കുപുരയ്ക്കൽ വീട്ടിൽ ജോർജുകുട്ടിയെ (34) പിടികൂടുന്നതിനിടെയാണ് നിലന്പൂർ റേഞ്ച് ഇൻസ്പെക്ടർ മനോജ് കുമാറിന് വലതുകാൽ മുട്ടിന് താഴെ വെടിയേറ്റത്. വെടി വച്ച ശേഷം ഓടി രക്ഷപെടാനുള്ള ശ്രമം നടത്തിയ ഇയാളെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തു വെച്ച് എക്സൈസ് സംഘം സാഹസികമായാണ് കീഴടക്കിയത്.
ഇതിനിടെ പ്രതിക്കും ഉദ്യോഗസ്ഥർക്കുമെല്ലാം പാറ ഉരഞ്ഞും മറ്റും പരിക്കു പറ്റി. സ്ഥിരമായി തോക്കു ഉപയോഗിക്കുന്ന ഇയാളുടെ തോക്ക് മാസങ്ങൾക്കു മുന്പ് മോഷണം പോയിരുന്നു. ഇതിനു ശേഷം ആറു മാസം മുന്പാണ് ഇപ്പോഴത്തെ തോക്ക് വാങ്ങിയത്. അഞ്ചു തിരകൾ വരെ നിറക്കാവുന്ന തോക്ക് ബീഹാറിലെ ഗുണ്ടാ സംഘത്തിൽ നിന്നാണ് വാങ്ങിയതത്രെ.
വെടിവെക്കാനുപയോഗിച്ച തോക്കും തിരകളും പോലീസ് കസ്റ്റഡിയിലെടുത്തു. വെടിവെപ്പ് നടന്ന വീട്ടീൽ നടത്തിയ പരിശോധനയിൽ കൂടുതൽ തിരകൾ കണ്ടെടുത്തുവെന്നാണ് സൂചന. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
വധ ശ്രമം,സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപെടുത്താൻ വേണ്ടി ഗുരുതരമായി പരിക്കേൽപിക്കുക, അനധികൃതമായി ആയുധം കൈവശം വെച്ചു, ഇതുപയോഗിച്ചു അക്രമം നടത്തി തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എക്സൈസ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ ഉടൻ തന്നെ അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു.
ജോർജ്കുട്ടി ബംഗ്ളൂരിൽ നിന്നും എക്സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു ആന്ധ്രയിൽ ഒളിവിൽ കഴിഞ്ഞത് സുഹൃത്തുക്കളുടെ സഹായത്തോടെയാണ്. ബംഗലൂരുവിലെ ഇയാളുടെ പ്രധാന കരിയർമാരും ഇപ്പോൾ എക്സൈസ് പടിയിലുമായ അനിരുദ്ധന്േറയും ഷഹീറിന്േറയും കൂടെയാണ് ഇയാൾ കർണാടക അതിർത്തി കടന്നത്. ആന്ധ്ര അതിർത്തിയിൽ ഇയാളെ ഇറക്കിയാണ് ഇവർ പിന്നീട് മടങ്ങുന്നത്.
കഞ്ചാവ് തോട്ടത്തിനു സമീപമുള്ള മലഞ്ചെരുവിലാണ് ടെന്റ് കെട്ടി ജോർജു കുട്ടി ദിവസങ്ങളോളം താമസിച്ചിരുന്നത്. ഒന്നര ദിവസത്തോളം നിർത്താതെ പെയ്ത മഴയിൽ ടെന്റു തകരുകയും താമസം ദുഷ്കരമാവുകയും ചെയ്തതോടെയാണ് ഇയാൾ സുഹൃത്തുക്കളുടെ സഹായത്തോടെ ഇവിടെ നിന്നും ബംഗ്ളൂരിലേക്ക് തന്നെ മടങ്ങുന്നത്. ഞായറാഴ്ച ഇവിടെയെത്തിയ ഇയാൾ തിങ്കളാഴ്ചയാണ് ഭാര്യയുടെ വീടായ വാണിയന്പലത്ത് ബസ് മാർഗം എത്തുന്നത്.
ഷെയർചാറ്റിലൂടെ പരിചയപെട്ടാണ് വാണിയന്പലത്തുള്ള യുവതിയോടൊപ്പം ഇയാൾ താമസമാക്കിയത്. ഇപ്പോൾ എട്ടു മാസം ഗർഭിണിയായ യുവതിയെ കാണാൻ ഇയാളെത്തുമെന്ന വിവരം എക്സൈസ് ഇന്റലിജൻസിനു ലഭിച്ചതിനെ തുടർന്ന ദിവസങ്ങളായി വാണിയന്പലത്ത് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായിരുന്നു. കാലിൽ വെടിയേറ്റിട്ടും പ്രകടിപ്പിച്ച ഇൻസ്പെക്ടർ മനോജിന്റെ അസാമാന്യ ധൈര്യമാണ് പ്രതിയെ കീഴടക്കുന്നതിൽ സംഘത്തിന് കരുത്തായത്.
മനോജ് വണ്ടൂരിലുള്ള സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. വലത് കാലിന്റെ മുട്ടിന് താഴെയായി കാഫ് മസിലിന്റെ ഒരു ഭാഗത്തേറ്റ വെടിയുണ്ട മറുവശത്തുകൂടി തെറിച്ചുപോയ നിലയിലാണ്. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ മനോജിന്റെ നില തൃപ്തികരമാണ്.
ജൂണ് 23ന് തിരുവനന്തപുരത്ത് 20 കോടിയുടെ 20 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ ജോർജ് കുട്ടി ബംഗ്ളൂരുവിൽ വച്ച് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു