പേരാവൂർ: മലയോരമേഖലയിൽ വ്യാജ വെളിച്ചെണ്ണ സുലഭം. നിരോധിച്ച 92 ബ്രാൻഡുകളുടെ സ്ഥാനത്ത് പുതിയ പേരുകളിലാണ് വിപണനം നടക്കുന്നത്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തേങ്ങയുടേയും വെളിച്ചെണ്ണയുടേയും ചിത്രങ്ങളും നൽകി ടെസ്റ്റ് കോക്കനട്ട് ഓയിൽ, കോക്കനട്ട് എഡിബിൾ ഓയിൽ എന്നപേരുകളിൽ ആക്കിയാണ് വ്യാജന്മാർ വിലസുന്നത്. തമിഴ്നാട്ടിൽനിന്ന് പാലക്കാട് വഴി കേരളത്തിലെത്തുന്ന വെളിച്ചെണ്ണ എന്ന പേരിലുള്ള വ്യാജൻ മലയോരം കേന്ദ്രീകരിച്ചാണ് വിതരണം നടക്കുന്നത്.
നിലവിലുള്ള വെളിച്ചെണ്ണയുടെ വിലയിൽനിന്നും 30 മുതൽ 40 രൂപവരെ താഴ്ത്തിയാണ് ഇവർ വ്യാപാരികൾക്ക് നൽകുന്നത്. എന്നാൽ ഉപഭോക്താവിന് നിലവിലുള്ള വിലയിൽ നിന്നു നാമമാത്രമായ കുറവുവരുത്തി ശുദ്ധമായ വെളിച്ചെണ്ണ ആണെന്നുള്ള വ്യാജേനയാണ് വിൽക്കുന്നത്.
വെളിച്ചെണ്ണ കമ്പനികളുടെ പേര് പറയാതെ വെളിച്ചെണ്ണ നൽകാൻ മാത്രം കടക്കാരനോട് ആവശ്യപ്പെടുന്ന ഉപഭോക്താവാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നത്.
മായമുള്ളതെന്നു കണ്ടെത്തിയ 92 ബ്രാൻഡുകൾ സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ നിരോധിച്ചിരുന്നു.