നിലന്പൂർ: ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കുടുംബ ബന്ധങ്ങൾ സന്പന്നമാണെന്ന് ജർമൻ പുരോഹിതൻ ഫാ.മിഖായേൽ സ്റ്റോർക് അഭിപ്രായപ്പെട്ടു. ജർമനിയിലെ റോട്ടൻബർഗ് സ്റ്റട്ട്ഗാർട്ട് രൂപതയിലെ പുരോഹിതനായ മിഖായേൽ ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ ഇടവകയിലെ വികാരിയും സുഹൃത്തുമായ ഫാ.ഡൊമിനിക് വളകൊടിയിലിനെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഇടിവണ്ണ ഇടവകയിലെ ഇരുനൂറോളം വീടുകളിലും ഇതിനിടെ ഫാദർ സന്ദർശനം നടത്തിയാണ് കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. എല്ലാ വീടുകളിൽ നിന്നുമുള്ള കേരളത്തനിമയുള്ള ഭക്ഷണം ആസ്വദിക്കുകയും ചെയ്തു.
കേരളത്തിന്റെ തനത് ഭക്ഷണങ്ങളായ അപ്പവും സ്റ്റ്യൂവും ചപ്പാത്തിയും കറികളും ഏറെ ഇഷ്ടമായി. കവളപ്പാറയിൽ സന്ദർശനം നടത്തിയ ഫാദർ കവളപ്പാറ സംഭവം തന്നെ ഞെട്ടിച്ചതായും അഭിപ്രായപ്പെട്ടു. കവളപ്പാറയിൽ ഏഴു കുടുംബങ്ങൾക്ക് 70 സെന്റ് സ്ഥലം വാങ്ങി നൽകുന്നതിലും രണ്ടു വീടുകൾ നിർമിക്കുന്നതിനും മാനന്തവാടി രൂപതയോടൊപ്പം പ്രധാനസഹായവുമായി അച്ചനുമുണ്ടായിരുന്നു.
ജർമനിയിലെ വിവിധ ഇടവകകളിൽ പിരിവു നടത്തി നേടിയ പണമുപയോഗിച്ചാണ് സഹായം നൽകിയത്. സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസകളും അദ്ദേഹം നൽകി. ക്രിസ്മസിന്റെ നാലാഴ്ച മുൻപ് തന്നെ ജർമനിയിൽ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ കാണാൻ തുടങ്ങും. മെഴുകുതിരികളുടെ വെള്ളിവെളിച്ചത്തിലാണ് ആഘോഷങ്ങൾ നടത്തുക.