കുറവിലങ്ങാട്: ഹോ, വണ്ടർഫുൾ, റിയലി ജർമൻ! ഒരു നൂറ്റാണ്ട് മുന്പ് ജർമനിയിൽനിന്ന് എത്തിച്ച പള്ളിമണികൾ നേരിൽ കണ്ടപ്പോൾ ജർമനിയുടെ ഇളംതലമുറയുടെ മൊഴികളായിരുന്നു ഇത്.
തങ്ങളുടെ സ്വന്തം ജർമനിയിൽനിന്ന് ഇന്ത്യയിലേക്ക് എത്തിച്ച പള്ളിമണികളാണ് ഏഷ്യയിലെ ഏറ്റവും വലിയ പള്ളി മണികളെന്ന് ജർമൻകാർ പറഞ്ഞുകേട്ടിരുന്നു. കേട്ടറിവിന്റെ വെളിച്ചത്തിൽ ഈ പള്ളിമണികൾ നേരിട്ട് കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജർമനിയിൽനിന്നുള്ള 40 അംഗസംഘം കുറവിലങ്ങാട്ടെത്തിയത്.
ജർമനിയിൽനിന്ന് 1910 ലാണ് മൂന്ന് കൂറ്റൻ മണികൾ കുറവിലങ്ങാട്ടെത്തിച്ചത്. 1660 കിലോ തൂക്കമുള്ള ഇമ്മാനുവൽ എന്നു പേരുള്ള കൂറ്റൻ മണി ജർമൻകാർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. പത്താംതീയതി തിരുനാളിന്റെ മുന്നറിയിപ്പായി ഈ കൂറ്റൻ മണികൾ ചവിട്ടിയടിച്ചതോടെ കാതുകൾ പൊത്തി ആവേശത്തോടെ ആ നാദം അവർ ആസ്വദിച്ചു.
പാലാ രൂപതാംഗമായ ഫാ. തോമസ് തണ്ണിപ്പാറയുടെ നേതൃത്വത്തിലാണ് ജർമൻ സംഘം എത്തിയത്. ജർമനിയിലെ ബേഹൂമിൽ നിർമിച്ച പള്ളിമണികളുടെ ബിൽ മ്യൂസിയത്തിൽ കണ്ടത് സംഘത്തിന് ഏറെ സന്തോഷമേകി.