ബെർലിൻ: രണ്ടു നൂറ്റാണ്ടുകൾക്കിടയിലെ ജലപ്രളയത്തിൽ ജർമനിയിൽ ഡാം തകർന്നു.
ജർമനിയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നോർത്ത് റൈൻവെസ്ററ്ഫാളിയ സംസ്ഥാനത്തിലെ ഹെൻസ്ബർഗ് ജില്ലയിൽ ഒരു സ്ററൗഡാം തകർന്നതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ നിന്നും 700 ആളുകളെ ഒഴിപ്പിച്ചു സുരക്ഷാസങ്കേതങ്ങളിലേയ്ക്കു മാറ്റി പാർപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മഞ്ഞിടിച്ചിലിലുമായി ഇതുവരെ 133 ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
ഹൈൻസ്ബർഗ് ജില്ലയിൽ, കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയെയും കൊടുങ്കാറ്റിനെത്തുടർന്നാണ് റൂർ പ്രദേശത്തെ ഒരു ഡാം തകർന്നത്.
മഴയെ തുടർന്നുണ്ടായ ഉയർന്നുവരുന്ന വെള്ളപ്പൊക്കത്തെ തടയാൻ ആളുകൾ എക്സ്കവേറ്റർ ഉപയോഗിച്ച് മണൽനിറച്ച ചാക്കുകൾ കൊണ്ട് മതിൽ കെട്ടി പ്രതിരോധിക്കുകയാണ്.
ഹൈൻസ്ബർഗ് ജില്ലയിൽ മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇത്രയും വലിയ ദുരന്തത്തിൽ ജർമനിയിലെ മലയാളികൾ എല്ലാവരും തന്നെ സുരക്ഷിതരാണ്. ഈ ജില്ലയിലാണ് ഹൈൻസ്ബർഗിലാണ് ജർമനിയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത സ്ഥലം.
കൊളോണ് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള വിവരമനുസരിച്ച്, വാസർബെർഗിലെ ഒഫോവൻ ജില്ലയെ രക്ഷാപ്രവർത്തകർ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് മുതൽ ട്വിറ്റർ വഴിയുള്ള സന്ദേശത്തിൽ 700 കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. ഡാം തകർന്നതുമൂലമുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെ അറിവായിട്ടില്ല.
റൂർ പ്രദേശമായ ഇതിന്റെ ഉറവിടം സമീപമേഖലയായ ഐഫൽ ആണന്ന് വിദഗ്ധർ അനുമാനിക്കുന്നു. ഇവിടെനിന്നുള്ള വെള്ളം നെതർലാൻഡ്സിന്റെ അതിർത്തി പ്രദേശമായ ചേലെ റോയർമോറണ്ടിനടുത്തുള്ള മ്യൂസ് നദിയിലേയ്ക്കാണ് ഒഴുകുന്നത്.
ഒഫോവൻ ഗ്രാമത്തിന്റെ തെരുവുകളിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റുമാണ് റൈൻലാന്റ് ഫാർസ്, നോർത്ത് റൈൻവെസ്ററ്ഫാലിയ എന്നി സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടത്.
ദുരിതങ്ങൾ തുടരുന്ന സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം 133 ആയി ഉയർന്നതായി പോലീസ് പറഞ്ഞു. നോർത്ത് റൈൻവെസ്ററ് ഫാലിയയിൽ 43 പേരും റൈൻലാൻഡ് ഫാൽസിൽ 90 പേരുമാണ് മരിച്ചത്.. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
കൊളോണിന് തെക്ക് എർഫ്റ്റ്സ്റ്റാട്ട് ജില്ലയിലും ആർവൈലർ ജില്ലയിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കരകൾ കരകവിഞ്ഞൊഴുകിയ എർഫ്റ്റ് നദി നിരവധി വീടുകൾ തകർത്തു.
മണ്ണിടിച്ചിലും മണ്ണൊലിപ്പും ഉണ്ടായതിനെ തുടർന്ന് 1300 ആളുകൾക്കു വേണ്ടിയുള്ള തെരച്ചിൽ രാത്രിയും പകലുമായി നടത്തുകയാണ്. ഇവിടെ പാലങ്ങളും തകർന്നിട്ടുണ്ട്.
നിലവിൽ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടുനൂറ്റാണ്ടിനിടയിലെ കനത്തമഴ അവിശ്വസീനയമായിരുന്നു.
കനത്ത മഴ നോർത്ത് റൈൻവെസ്ററ്ഫാലിയ, റൈൻലാൻഡ് ഫാൽസ് എന്നിവിടങ്ങളിലെ ജനങ്ങളെയാണ് കൂടുതലായി ബാധിച്ചത്. മിക്കവരുടെയും വീടുകൾ നശിച്ചു. വീടുകളിലെ നിലവറകൾ വെള്ളത്തിലാണ്.
ജർമനിയിലെ മിക്ക വീടുകൾക്കും കെട്ടിടങ്ങൾക്കും കെല്ലർ അഥവാ നിലവറകൾ ഉള്ളതിനാൽ വെള്ളപ്പൊക്കുണ്ടാകുന്ന സ്ഥലങ്ങളിൽ ഈ നിവറകളെയാണ് ആദ്യം ബാധിക്കുക.
അഗ്നിശമന സേനക്കാർ വന്ന് വെള്ളം പന്പുചെയ്തു കളഞ്ഞാലും ഈർപ്പം തങ്ങി നിന്ന് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകും. നിരവധി മലയാളി കുടുംബങ്ങളുടെ കെല്ലറിലും വെള്ളം കയറിയിട്ടുണ്ട്.
വെള്ളപ്പൊക്കം അനവധി റോഡുകളും റെയിൽവേകളും അസാധ്യമാക്കി. ജർമൻ റെയിൽവേ ഡോയ്റ്റ്ഷെ ബാന്റെ ദീർഘദൂര ട്രാഫിക്കിൽ നിരവധി ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കി.
ആർവൈലർ എർഫ്സ്ററാഡ്റ്റ്, ഹാഗൻ എന്നിവിടങ്ങളിൽ രണ്ടുലക്ഷത്തോളം ആളുകൾ വൈദ്യുതി രഹിതരായി.
പ്രകൃതിദത്ത ഗ്യാസ് പൈപ്പ്ലൈൻ ആർവൈലർ ജില്ലയിൽ ഗ്യാസ് വിതരണം പരാജയപ്പെട്ടത് പുനസ്ഥാപിക്കാൻ ഇനിയും ആഴ്ചകളോളം സമയം വേണ്ടിവരും. മുന്നറിയിപ്പ് സംവിധാനങ്ങളോടെ കാലാവസ്ഥാ വിദഗ്ധർ നിലവിലെ സ്ഥിതി വിലയിരുത്തുകയാണ്.
ഫെഡറൽ പ്രസിഡന്റ് ഫ്രാങ്ക്വാൾട്ടർ സ്റെറയ്ൻമയർ ശനിയാഴ്ച ദുരന്ത ബാധിധ പ്രദേശമായ റെയിൻ എർഫ്റ്റ് ജില്ല സന്ദർശിച്ചു.
എൻആർഡബ്ള്യു മുഖ്യമന്ത്രി അർമിൻ ലാഷെറ്റും പ്രസിഡന്റിനൊപ്പം സന്ദർശനം നടത്തി. ഈ നൂറ്റാണ്ടിലെ വെള്ളപ്പൊക്കം എന്ന് വിളിക്കപ്പെട്ട 2002 ൽ സാക്സോണി സംസ്ഥാനത്ത് 21 പേരാണ് മരിച്ചത്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ റൈൻലാൻഡ് ഫാൽസിലെ കോബ്ളെൻസ് മേഖലയിൽ നിലവിലെ വിവരമനുസരിച്ച്, ദുരന്തത്തിൽ 90 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അയൽ സംസ്ഥാനമായ നോർത്ത് റൈൻവെസ്ററ്ഫാലിയയിൽ 43 പേരുമാണ് ഇതുവരെയായി മരിച്ചത്.
കനത്ത മഴക്കെടുതിയിൽ സ്തംഭിച്ചുപോയ ജർമ്മൻകാർ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. വരും ദിവസങ്ങളിൽ അടിയന്തര സേവനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റൈൻലാൻഡ് ഫാൽസ് ആഭ്യന്തര മന്ത്രി റോജർ ലെവെൻറ്സ് പറഞ്ഞു.
ശനിയാഴ്ച രാവിലെ വരെ, മൂന്ന് റെസിഡൻഷ്യൽ കെട്ടിടങ്ങളും എർഫ്റ്റ്സ്ററാഡ്റ്റ് ബ്ളീസ്ഹൈമിലെ ചരിത്രപരമായ കോട്ടയുടെ ഒരു ഭാഗവും തകർന്നു.
50 പേരെ ബോട്ടുകളിലൂടെ രക്ഷപ്പെടുത്തിയതായി ജില്ലാ അഡ്മിനിസ്ട്രേറ്റർ ചുമതലയുള്ള ഫ്രാങ്ക് റോക്ക്പറഞ്ഞു.
വരും ദിവസങ്ങളിൽ ദുരന്തത്തിന്റെ മുഴുവൻ വ്യാപ്തിയും മനസിലാവുമെുന്നും അത് ഭയപ്പെടുത്തുന്നതായിരിയ്ക്കുമെന്നും അമേരിക്കൻ സന്ദർശനത്തിനിടെ ചാൻസലർ അംഗല മെർക്കൽ വാഷിംഗ്ടണിൽ നിന്ന് പറഞ്ഞു,
ദുരിതബാധിത പട്ടണങ്ങളിലും ഗ്രാമങ്ങളിലും രക്ഷാപ്രവർത്തനത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നതിനായി ആയിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
വെസ്ററ്ഫാളിയ സംസ്ഥാനത്തിലെ വെള്ളപ്പൊക്കം മൊത്തം 23 പട്ടണങ്ങളെയും ജില്ലകളെയും ബാധിക്കുന്നുവെന്ന് ബോണിലെ ഫെഡറൽ ഓഫീസ് ഫോർ പോപ്പുലേഷൻ ആൻഡ് ഡിസാസ്ററർ കണ്ട്രോൾ പറയുന്നു. ചില സ്ഥലങ്ങളിൽ വെള്ളം സാവധാനം കുറയുന്നതായും റിപ്പോർട്ടുണ്ട്.
ദുരന്തത്തിൽ യൂറോപ്പിൽ മരിച്ചവരുടെ എണ്ണം 153 ആയി. അയൽരാജ്യമായ ബെൽജിയത്തിൽ 20 പേരാണ് മരിച്ചത്. അതേസമയം ലക്സംബർഗിനെയും നെതർലൻഡിനെയും ജലപ്രവാഹം സാരമായി ബാധിച്ചു, ആയിരക്കണക്കിന് ആളുകളെ മാസ്ട്രിച്റ്റ് നഗരത്തിൽ ഒഴിപ്പിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ