കസാൻ: നിലവിലെ ചാന്പ്യന്മാരായ ജർമനി ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽനിന്ന് പ്രീക്വാർട്ടർ കാണാതെ പുറത്ത്. നിർണായകമായ മത്സരത്തിൽ ദക്ഷിണകൊറിയയോട് 2-0ന്റെ തോൽവി വഴങ്ങിയാണ് ജർമനിയുടെ വൻവീഴ്ച. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മെക്സിക്കോയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി സ്വീഡൻ നോക്കൗട്ട് ഉറപ്പിച്ചു. സ്വീഡനാണ് ഗ്രൂപ്പ് എഫ് ചാന്പ്യൻ.
80 വർഷത്തിനുശേഷമാണ് ജർമനി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ചാന്പ്യന്മാർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് തുടർച്ചയായ മൂന്നാം തവണയും ആവർത്തിക്കപ്പെട്ടു. 2010ൽ ഇറ്റലിയും 2014ൽ സ്പെയിനും നിലവിലെ ചാന്പ്യന്മാരായെത്തി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായിരുന്നു.
ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ ബ്രസീൽ 2-0ന് സെർബിയയെ കീഴടക്കി നോക്കൗട്ടിൽ കടന്നു. പൗളീഞ്ഞോ(36-ാം മിനിറ്റ്), തിയാഗോ സിൽവ(68-ാം മിനിറ്റ്) എന്നിവരാണ് ബ്രസീലിനായി സെർബിയയുടെ വലകുലുക്കിയത്. മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലന്‍ഡും കോസ്റ്റാറിക്കയും 2-2 സമനിലയിൽ പിരിഞ്ഞു.
പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ഇ ചാന്പ്യൻമാരായ ബ്രസീൽ എഫിലെ രണ്ടാം സ്ഥാനക്കാരായ മെക്സിക്കോയെ നേരിടും. തിങ്കളാഴ്ച രാത്രി 7.30നാണ് മത്സരം. ഗ്രൂപ്പ് ഇ രണ്ടാസ്ഥാനക്കരായി പ്രീക്വട്ടറിൽ കടന്ന സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് എഫ് ചാന്പ്യൻമാരായ സ്വീഡനെ നേരിടും. ചൊവ്വാഴ്ച രാത്രി 7.30നാണ് മത്സരം.