ജർമൻ ഐടി മേഖലയിൽ തൊഴിലുകളേറെ; ജോലിക്കാരോ ചുരുക്കം

ബർലിൻ: ജർമനിയിലെ ഐടി മേഖല നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്ഷാമമെന്ന് കണക്കുകളിൽ വ്യക്തമാകുന്നു. സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്ന സ്റ്റെം മേഖലയിൽ ആകെ 3,15,000 ജീവനക്കാരുടെ കുറവാണ് കണക്കാക്കുന്നത്.

ഐഡബ്ല്യു എന്ന ഇക്കണോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതു സംബന്ധിച്ച പഠനം നടത്തി കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ അവസാനം വരെയുള്ള കണക്കനുസരിച്ച് 3,14,800 ആണ് മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന തൊഴിലവസരങ്ങൾ.

2011 മുതലാണ് ഇത്തരത്തിൽ വിവരം ശേഖരിച്ചു തുടങ്ങിയത്. അതിനു ശേഷമുള്ള ഏറ്റവും കൂടിയ എണ്ണമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ഏപ്രിലിൽ ഉണ്ടായതിനെ അപേക്ഷിച്ച് മുപ്പതു ശതമാനവും, 2015 ഏപ്രിലിലേതിനെ അപേക്ഷിച്ച് നൂറു ശതമാനവും അധികമാണ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്ന തൊഴിലവസരങ്ങൾ.

സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഉന്നതപഠനത്തിനായി ഒട്ടനവധി വിദേശികൾ പ്രത്യേകിച്ച് ഇന്ത്യാക്കാർ, മലയാളികൾ ജർമനിയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി എത്തുന്നുണ്ട്. ഇവരൊക്കെയും പഠനശേഷം ഇവിടെ ജോലി നേടി സ്ഥിരതാമസമാക്കുന്നുണ്ടെങ്കിലും ഈ മേഖലയിൽ നിരവധി തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.

ജർമൻ സർവകലാശാലകളിൽ ഉന്നതപഠനം പൂർത്തിയാക്കുന്നവർക്ക് 18 മാസത്തെ ജോബ് സെർച്ചിംഗ് വിസായാണ് സർക്കാർ ഇപ്പോൾ നൽകുന്നത്. ഇവർ ഈ കാലയളവിൽ ജോലി നേടിക്കഴിഞ്ഞാൽ വിസാ സ്റ്റാറ്റസും മാറും. കൂടാതെ വിവാഹിതരാണെങ്കിൽ ജീവിതപങ്കാളിയെക്കൂടി കൊണ്ടുവരാനുള്ള അനുവാദവും ലഭിയ്ക്കും.

ജോലി ലഭിയ്ക്കുന്നവരെ ബ്ളൂ കാർഡ് പട്ടികയിൽപ്പെടുത്തുക മാത്രമല്ല, ഇവർ ജർമൻ ഭാഷ ജ്ഞാനം ബി ടു/ബി വണ്‍ നേടിയവരാണെങ്കിൽ യഥാക്രമം 21 മാസം, 33 മാസം കഴിയുന്പോൾ ജർമൻ പൗരത്വം വരെ ലഭിയ്ക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Related posts