ബെർലിൻ: ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഭീകരാക്രമണത്തിനു തയാറെടുത്ത മൂന്നു കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി ജർമൻ പോലീസ് അറിയിച്ചു. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്ന സംഘം ഡുസൽഡോർഫിൽനിന്നാണു പിടിയിലായത്. 15നും 16നും ഇടയിലാണ് ഇവരുടെ പ്രായം.
കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞെങ്കിലും കൂടുതൽ വിശദീകരണം നല്കിയില്ല. എന്നാൽ, ക്രൈസ്തവർക്കും പോലീസിനും നേർക്ക് പെട്രോൾ ബോംബ് എറിയാനും കത്തിയാക്രമണം നടത്താനുമാണു പദ്ധതിയിട്ടതെന്നു ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തോക്ക് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.
ഹമാസ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക ഭീകരാക്രമണങ്ങൾക്കെതിരേ കടുത്ത ജാഗ്രതയാണ് ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ പുലർത്തുന്നത്. പുതുവത്സര രാവിൽ കൊളോണിലെ കത്തീഡ്രലിൽ ആക്രമണത്തിനു പദ്ധതിയിട്ട മൂന്നു പേർ നേരത്തേ ജർമൻ പോലീസിന്റെ പിടിയിലായിരുന്നു.