ജോസ് കുന്പിളുവേലിൽ
ബർലിൻ: ജർമനിയിൽ നടന്ന വേറിട്ട ദുഃഖവെള്ളി കർമങ്ങൾ ലോകശ്രദ്ധ നേടി. ജർമനിയിലെ വെസ്റ്റ്ഫാളിയ സംസ്ഥാന തലസ്ഥാനമായ ഡ്യൂസ്സൽഡോർഫ് നഗരം ഡ്രൈവ് ഇൻ തീയേറ്റർ പരിസരത്താണ് ദുഃഖവെള്ളി കർമങ്ങൾ വേറിട്ട ചരിത്രമായത്.
ഇവിടെ കത്തോലിക്കാ സഭയും ഇവാഞ്ചലിക്കൽ സഭയും ഒന്നിച്ചുചേർന്നു ദുഖഃവെള്ളിയാഴ്ചയിലെ കർമങ്ങൾ സംയുക്തമായി നടത്തി. നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിച്ച് 400ഓളം കാറുകളിൽ വിശ്വാസികൾ എത്തി.
എന്നാൽ, ഇവർ പുറത്തിറങ്ങാതെ പാർക്കിംഗ് ഏരിയയിൽ കാറുകളിൽതന്നെയിരുന്നു പ്രാർഥിച്ചു. കാർ റേഡിയോ വഴിയാണ് പുരോഹിതരുടെ പ്രസംഗങ്ങൾ കേൾപ്പിച്ചത്. പാർക്കിംഗ് ഏരിയയിൽ തയാറാക്കിയ ചെറിയ വേദിയിലാണ് ഇരുവരും നിലയുറപ്പിച്ചത്.
ഇതിനിടെ, കൊറോണ ബോധവത്കരണത്തിനായി ജർമനിയിൽ ഒാൺലൈൻ ഹാക്കത്തോണ്‍ സംഘടിപ്പിച്ചു. 48 മണിക്കൂർ നേരത്തെ പരിപാടി ജർമൻ സർക്കാർ നേരിട്ടാണു നടത്തിയത്.
1,500 പരിഹാരങ്ങളാണ് നിർദേശിക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾ വികസിപ്പിച്ചെടുത്തു സർക്കാർ ഉടൻ അംഗീകാരംനൽകും. 28,000 പേരാണ് പരിപാടിയിൽ പങ്കെടുത്തത്.