ജോസ് കുന്പിളുവേലിൽ
ബർലിൻ: ആഗോളതലത്തിൽ കൊവിഡ് -19 മഹാമാരി കത്തിപ്പടരുന്പോൾ ലോകത്തെ മുൻ നിരയിലുള്ളതും യൂറോപ്പിലെ ഒന്നാമത്തെ സാന്പത്തിക ശക്തിയുമായ ജർമനിക്കു കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിഴവു പറ്റിയെന്നു വിലയിരുത്തൽ.
തുടക്കം ഇങ്ങനെ
ചൈനയിൽ ഉത്ഭവിച്ച കൊറോണ ജർമനിയിൽ എത്തിയെന്നു ബവേറിയൻ ആരോഗ്യ മന്ത്രാലയം ജനുവരി 27നാണ് സ്ഥിരീകരിച്ചത്. മ്യൂണിക്കിലെ കാർ പാർട്സ് നിർമാതാവിന്റെ ആസ്ഥാനത്തു വെറും സംശയത്തിന്റെ പേരിൽ നടത്തിയ പരിശോധനയാണ് രോഗം കണ്ടെത്തിയത്.
പിന്നീട്, ഇറ്റലി, ചൈന, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ പുതിയ കേസുമായി എത്തി. ഇതുകൂടാതെ ഇറ്റലിയുടെയും അതിർത്തി പങ്കിടുന്ന ഓസ്ട്രിയയിലെ ടിറോൾ എന്ന സ്കീ സ്പോർട്സ് വിനോദകേന്ദ്രത്തിൽ ഉല്ലാസം നടത്തിയവരും ഒക്കെ അവിടെനിന്നു മടങ്ങുന്പോൾ അവരറിയാതെതന്നെ കൊറോണ ബാധിതരായി.
ലോകാരോഗ്യ സംഘടന അതിന്റെ അപകട സാധ്യത ജർമനിയുമായി വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, ജർമനിക്കുള്ള അപകട സാധ്യത കുറവാണെന്നായിരുന്നു അന്നു ജർമൻ വിദഗ്ധരുടെ വിലയിരുത്തൽ.
ഒന്നര മാസങ്ങൾ പിന്നിട്ടപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു. ആദ്യ വിലയിരുത്തൽ അനുസരിച്ച്, നോവൽ കോവിഡ് -19 വെറും ഒരു ശ്വാസകോശ രോഗം ആണെന്നും മിക്ക കേസുകളിലും അതു സൗമ്യമാണെന്നും വിലയിരുത്തിയത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കി. ഈ അബദ്ധധാരണ സർക്കാരിനെയും ആരോഗ്യ മന്ത്രാലയത്തെയും മുന്നോട്ടു തെറ്റായ വഴികളിലൂടെ നയിച്ചു.
തുടക്കം പതിയെ..!
ജർമനിയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഹയിൻസ്ബർഗ് എന്ന ചെറിയ ഗ്രാമത്തിൽ ജനുവരി 28ന് രോഗം സ്ഥിരീകരിക്കപ്പെട്ടു. അതോടെ ഗ്രാമം മുഴുവനായി ലോക്ക് ചെയ്യപ്പെട്ടു. ആയിരത്തോളം ഗ്രാമവാസികൾ ഒറ്റപ്പെട്ടു.
ഇവിടെ രോഗം എത്തിയത് ഇറ്റലിയിൽനിന്നാണെന്നു പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ഇതിനിടയിൽ ഫെബ്രുവരി 23 ന് ജർമനിയിലെ കാർണിവൽ ആഘോഷം അരങ്ങേറി. കൊളോണ് അടക്കമുള്ള നഗരങ്ങളിൽ ജനങ്ങൾ ആഘോഷ തിമിർപ്പിൽ ആറാടി. അങ്ങനെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേർ പങ്കെടുത്ത കൊളോണിലെ കാർണിവൽ ആഘോഷത്തിൽ എത്തിയവർ കൊറോണ വാഹകരായി ജർമനിയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു മടങ്ങി.
എന്നിട്ടും രോഗത്തിന്റെ തീവ്രത ആരും അറിഞ്ഞില്ല. അപ്പോഴേക്കും ഏതാണ്ട് പതിനാറു സംസ്ഥാനത്തിലും രോഗം പടർന്നു. മാർച്ച് 23 മുതൽ പകുതി ലോക്ക് ഡൗണായി. രാജ്യം ഏതാണ്ട് 55 ശതമാനത്തോളം നിശ്ചലമായി. കഴിഞ്ഞ ഒരു ദിവസത്തിൽ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 7,000 കടന്നു.
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള ജർമനിയിലെ അധികൃതരുടെ അനാസ്ഥമൂലം വൈറസിനെ തടയാനായില്ല. ജർമനി കൊറോണ കിടക്കയിലുമായി. പട്ടികയിൽ ജർമനിയുടെ സ്ഥാനം അഞ്ചാമതായി. ഏകദേശം 55,000 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രാജ്യത്ത് മരണസംഖ്യ 400 പിന്നിട്ടു. വാരാന്ത്യത്തിൽ 60,000 കടക്കുമെന്ന് ഉറപ്പായെന്നു വിദഗ്ധരും.
ഞെട്ടിയുണർന്നു
വലിയൊരു കൊടുങ്കാറ്റിനു മുന്പുള്ള ശാന്തത എന്നാണ് ആരോഗ്യമന്ത്രി യെൻസ് സ്ഫാൻ നിലവിലെ സ്ഥിതിഗതികളെ വിശേഷിപ്പിച്ചത്. ജർമനിയിലെ ആശുപത്രികൾക്കു കൂടുതൽ ബെഡ്ഡുകളോ കൂടുതൽ ജീവനക്കാരെയോ ആവശ്യമെങ്കിൽ എല്ലാ സഹായങ്ങളും നൽകുമെന്നു മന്ത്രി സ്പാൻ വ്യക്തമാക്കി.
ചികിത്സ പൂർണമായും സൗജന്യമായിരിക്കും. ഒരു ബെഡ്ഡിന് 560 യൂറോ വീതം ആശുപത്രികൾക്കു ബോണസ് നൽകും. വെന്റിലേറ്ററുകളോടുകൂടിയ ഇന്റൻസീവ് കെയർ ബെഡ്ഡുകൾക്ക് അന്പതിനായിരം യൂറോ ഗ്രാന്റായും നൽകും. 80 ദശലക്ഷം ജനങ്ങളുള്ള ജർമനിയിൽ മൊത്തം ആശുപത്രികളിലായി ഏകദേശം 28,000 കിടക്കകളാണുള്ളത്, ഭാവിയിൽ ഇത് ഇരട്ടിയാക്കാനും ഭരണകൂടം ലക്ഷ്യമിടുന്നു.
നഴ്സുമാർക്കു ക്ഷാമം
മിക്ക ആശുപത്രികളിലും നഴ്സിംഗ് സ്റ്റാഫുകൾക്കു രോഗം ബാധിച്ചു ക്വാറന്റൈനിൽ ആയതിനാൽ ആവശ്യത്തിനു നഴ്സുമാരില്ലെന്നാണു പറയുന്നത്. കൊറോണ തുടങ്ങുന്നതിനു മുന്പുതന്നെ ജർമനിയിലെ ആശുപത്രികളിൽ നഴ്സുമാരുടെ കുറവ് സർക്കാർതന്നെ വെളിപ്പെടുത്തിയിരുന്നു.
പുതിയ കുടിയേറ്റ സംവിധാനത്തിൽ ജർമനിയിലെത്തിയ ഒട്ടനവധി യുവ മലയാളി നഴ്സുമാർ ഇപ്പോൾ സേവനരംഗത്തുണ്ട്. ഇതിൽ ഏതാനും പേർക്ക് വൈറസ് ബാധയേറ്റ് ക്വാറന്റൈനിൽ കഴിയുകയാണ്. നിലവിൽ രണ്ടു സന്യസ്തരും സിഎംഐ സഭയിലെ ഒരു വൈദികനും സുഖം പ്രാപിച്ചു വരുന്നു. കുടിയേറിയ ആദ്യതലമുറക്കാർ എല്ലാവരുംതന്നെ വിശ്രമജീവിതത്തിലാണ്.
പണമൊഴുക്ക്
ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാന്പത്തിക പാക്കേജിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്. കൊറോണവൈറസ് ബാധയെയും അനുബന്ധ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് 1.1 ട്രില്യൻ ഡോളറിന്റെ പാക്കേജാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാരിനു കടമെടുക്കാവുന്ന നൂറു ബില്യണ് യൂറോ പരിധി നീക്കുന്നതാണ് ഇതിൽ പ്രധാനം. 156 ബില്യണ് ഇപ്പോൾ വായ്പയെടുക്കാൻ തീരുമാനവുമായി.
ഇടത്തരം, വൻകിട കന്പനികൾക്കാകട്ടെ പരിധിയില്ലാത്ത ക്രെഡിറ്റും നൽകും. ജോലി നഷ്ടം കാരണം ശന്പളം കുറവു വരുന്ന തൊഴിലാളികൾക്ക് സർക്കാർ നേരിട്ട് ടോപ്പപ്പ് സാലറി നൽകും.
മാത്രവുമല്ല ചെറുകിട വ്യവസായങ്ങൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും കലാകാരൻമാർക്കും ഫോട്ടോഗ്രഫർമാർക്കും മൂന്നു മാസത്തേക്ക് 9000 യൂറോ മുതൽ 15000 യൂറോ വരെ നൽകും.
വാടക നൽകാൻ കഴിയാത്തവർക്ക് മൂന്നു മാസം സാവകാശം നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര രംഗത്തും സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും വലിയ തോതിൽ പണം വകയിരുത്തുന്നതാണ് പാക്കേജ്.
ആശുപത്രി പണിയുന്നു
കൊറോണവൈറസ് ബാധിതരെ ചികിത്സിക്കാൻ മാത്രമായി ജർമനി ആയിരം കിടക്കകളുള്ള ആശുപത്രി പണിയുന്നു. സൈന്യത്തിന്റെ സഹായത്തോടെ ദിവസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കും.
ഏറ്റവും ഗുരുതരമായ അവസ്ഥയിലെത്തുന്ന രോഗികളെ ഇവിടേക്കു മാറ്റും. ബർലിൻ ട്രേഡ് ഫെയർ എക്സിബിഷൻ മൈതാനത്താണ് ഇതു നിർമിക്കുന്നത്. പദ്ധതി സർക്കാർ അംഗീകരിച്ചു എന്നു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.