കൊച്ചി: മാധ്യമ വിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേഡർ മാധ്യമങ്ങളെന്ന് മുദ്രകുത്തി കൈരളി, മീഡിയാ വണ്‍ ചാനലുകളെ ഗവർണർ പുറത്താക്കി.
ഗവർണറുടെ ഓഫീസിൽനിന്ന് അനുമതി ലഭിച്ചതിനെത്തുടർന്ന് പ്രതികരണം തേടി മാധ്യമപ്രവർത്തകർ എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ക്ഷണിച്ചു വിളിച്ചുവരുത്തിയ ശേഷം അപമാനിച്ച് അയച്ച ഗവർണറുടെ നടപടിക്കെതിരെ മാധ്യമ മേഖലയിൽ നിന്നടക്കം രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
ഗവർണറുടെ പ്രതികരണം തേടുന്നതിനായി ഇന്നലെ തന്നെ കൊച്ചിയിലെ മാധ്യമങ്ങൾ ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.
ഗവർണറുമായി സംസാരിക്കാൻ താൽപര്യപ്പെടുന്ന മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും പേര് വിവരങ്ങൾ ആവശ്യപ്പെട്ടു.
ഇതു പ്രകാരം മാധ്യമങ്ങൾ പേരുവിവരങ്ങൾ നൽകി. ഇതിൽ കൈരളിയുടെയും മീഡിയ വണിന്റെയും മാധ്യമ പ്രവർത്തകരുടെ പേരുകളും ഉണ്ടായിരുന്നു.
ഇവ പരിശോധിച്ച ശേഷം ഇന്ന് രാവിലെ ഏഴോടെ അതാത് മാധ്യമങ്ങൾക്ക് ഗവർണറുടെ ഓഫീസ് ഇ മെയിൽ വഴി അനുമതിയും നൽകി. തുടർന്നാണ് മാധ്യമ പ്രവർത്തകർ രാവിലെ തന്നെ എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിയത്.
എട്ടരയ്ക്ക് കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിച്ചിരുന്നതെങ്കിലും രാവിലെ ഏഴരയോടെ തന്നെ മാധ്യമപ്രവർത്തകർ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിൽ എത്തി.
എട്ടേകാലോടെ ഗവർണറുടെ ഓഫീസ് അയച്ചു കൊടുത്ത മാധ്യമങ്ങളുടെ പട്ടിക സ്റ്റാഫ് അംഗങ്ങളിൽ ഒരാൾ വായിച്ചു. അതനുസരിച്ച് ഓരോ മാധ്യമസ്ഥാപനത്തിന്റെ പ്രതിനിധികളും ഗസ്റ്റ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ചു.
മീഡിയ വണ്ണിന്റെയും കൈരളിയുടെയും പേരുകളും വായിച്ചിരുന്നു.കാമറകളും മൈക്കുകളും തയാറാക്കി പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ കത്തിരിക്കുന്നതിനിടെയാണ് ഗവർണർ വന്ന് കൈരളിയുടെയും മീഡിയ വണ്ണിന്റെയും മാധ്യമപ്രവർത്തകർ ഇക്കൂട്ടത്തിലുണ്ടെങ്കിൽ പുറത്തുപോകാൻ ആവശ്യപ്പെട്ടത്.
തങ്ങൾ ക്ഷണിച്ചിട്ട് വന്നതാണെന്നും പുറത്താക്കാനുള്ള കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ ഗവർണർ കൂടുതൽ ക്ഷുഭിതനായി പ്രതികരിച്ചു.
കേഡർ മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്നും കൈരളിയുടെയും മീഡിയ വണ്ണിന്റെയും മാധ്യമപ്രവർത്തകർ ഇക്കൂട്ടത്തിലുണ്ടെങ്കിൽ പുറത്തുപോകാതെ താൻ സംസാരിക്കില്ലെന്നും ഗവർണർ ശഠിച്ചു.
വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്ന മാധ്യമമാണ് മീഡിയ വണ്‍. കൈരളി പാർട്ടി ചാനലാണ്. ഇവരോട് സംസാരിക്കാൻ തനിക്ക് താൽപര്യമില്ല.
തന്റെ ഓഫീസിൽനിന്ന് അനുമതി നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു. ഇരു മാധ്യമ സ്ഥാപനത്തിന്റെയും പ്രതിനിധികൾ പുറത്തുപോയശേഷം മാത്രമാണ് ഗവർണർ പിന്നീട് പ്രതികരിക്കാൻ തയാറായത്.
ഗവർണറുടെ നടപടിക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ഗവർണർ ചെയ്തത് ജനാധിപത്യ സംസ്കാരത്തിന് ചേരുന്നതല്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രതികരിച്ചു. പദവിക്ക് ചേരാത്ത നടപടിയാണ് ഗവർണർ ചെയ്തത്.
ക്ഷണിച്ച് എത്തിയ മാധ്യമ പ്രവർത്തകരെ പുറത്താക്കിയത് തെറ്റായ നടപടിയാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത പറഞ്ഞു. വാർത്ത തേടിയെത്തിയവരാണ് അവർ.
സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നത്തിൽ മാധ്യമങ്ങളെ വലിച്ചിടേണ്ടതില്ല. അതിൽ മാധ്യമങ്ങൾ കക്ഷിയല്ല. തങ്ങളുടെ പ്രതിഷേധം ഗവർണറെ രേഖാമൂലം അറിയിക്കുമെന്നും വിനീത പറഞ്ഞു.