പാം സ്പ്രിംഗ് (ഫ്ളോറിഡ): ഭർത്താവിനെ 140 തവണ കുത്തി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ.
മെൽവിൻമില്ലർ എന്ന അറുപത്തിരണ്ടുകാരനായ വികലാംഗനാണ് ഭാര്യ ജോവാൻ ബർക്കിന്‍റെ ക്രൂരതയ്ക്ക് ഇരയായത്.
ഫെബ്രുവരി 20 നു കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം നിഷേധിച്ചു. ഇവർക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതിനുള്ള കാരണം വ്യക്തമാക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞു.
മെൽവിൻ മില്ലറുടെ ശരീരത്തിൽ 140 കുത്തിനു പുറമെ തലയ്ക്കു പിന്നിൽ ഇരുന്പു ദണ്ഡുകൊണ്ട് ശക്തമായ അടിയേറ്റതായും ഒട്ടോപ്സി റിപ്പോർട്ടിൽ പറയുന്നു.
ജോലിക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ റിക്കാർഡെ ഗ്രീനാണ് തന്‍റെ വളർത്തച്ഛൻ നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്നതു കണ്ടത്.
ഉടൻതന്നെ വിവരം പോലീസിനെ അറിയിച്ചതിനെതുടർന്നു പോലീസ് എത്തി പരിശോധിച്ചപ്പോൾ സംഭവസ്ഥലത്തുതന്നെ മെൽവിൽ മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവ സ്ഥലത്തുനിന്ന് ഒരു ജോടി കത്തികളും ഇരുന്പു ദണ്ഡും കണ്ടെത്തി.
മാസ്റ്റർ ബെഡ്റൂമിൽ ശാന്തമായി സുബോധത്തോടെ കിടന്നിരുന്ന ബെർക്കിനെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സീലിംഗിലും കാബിനുകളിലും രക്തക്കറ പുരണ്ടിരുന്നു. ഇവിടെ നിന്നും രക്തത്തിൽ മുങ്ങിയ ബെർക്കിന്‍റെ നൈറ്റ് ഗൗണും സെൽഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പി.പി. ചെറിയാൻ