തൃശൂർ: യുവ ഡിവൈഎഫ്ഐ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരെ തെളിവുകൾ. ജീവൻലാൽ എംഎൽഎ ഹോസ്റ്റലിൽ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്.
ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണൻ മാസ്റ്ററുടെ മുറിയിലാണ് മൂന്ന് ദിവസം ജീവൻലാൽ താമസിച്ചത്. രഹസ്യമൊഴിയിൽ പെണ്കുട്ടി പരാതി ആവർത്തിച്ചാൽ ജീവലാലിനെ അറസ്റ്റ് ചെയ്യും. ജൂലൈ പത്തിന് അരുണൻ മാസ്റ്ററുടെ മുറിയിൽ വച്ചാണ് ജീവൻലാൽ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്.
തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞാണു ഇയാൾ പെൺകുട്ടിയെ തലസ്ഥാനത്ത് കൊണ്ടുവന്നത്. സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്ത ശേഷം എംഎൽഎ ഹോസ്റ്റലിൽ ബാഗ് എടുക്കാൻ എത്തിയ പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ച ശേഷം ജീവൻലാൽ കയറിപ്പിടിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി വിവരം പാർട്ടി നേതൃത്വത്തെയും ഡിവൈഎഫ്ഐ നേതൃത്വത്തെയും അറിയിച്ചു. എന്നാൽ ഇയാൾക്കെതിരേ നടപടിയുണ്ടായില്ല. തുടർന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പെൺകുട്ടി പരാതി നൽകിയത്.