ഏറ്റുമാനൂർ: വെട്ടിമുകൾ മഹാത്മാ കോളനിയിൽ തന്പടിച്ചിരിക്കുന്ന കഞ്ചാവ്, മദ്യപ സംഘം നാട്ടുകാരുടെ സമാധാന ജീവിതത്തിന് ഭീഷണി യാകുന്നു.
മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷം അസഭ്യവർഷം നടത്തുന്ന ഇവരെ ചോദ്യം ചെയ്താൽ വീടുകയറി ആക്രമണം ഉറപ്പാണ്.
മഹാത്മാ കോളനിയിൽ വള്ളോംബ്രായിൽ അനീഷി(38)നെ ക്രിസ്മസ് ദിവസം വീടുകയറി ആക്രമിച്ച് കൈയും കാലും തല്ലിയൊടിച്ചതാണ് ഒടുവിലത്തെ സംഭവം. രാത്രി ഏഴിനാണ് ആക്രമണം ഉണ്ടായത്.
അനീഷിന്റെ വീടിന്റെ സമീപത്തെ വീട്ടിൽ തന്പടിച്ച ഒരു സംഘം യുവാക്കൾ മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്തു.
ഇത് അനീഷിന്റെ ഭാര്യ സബീന ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് അഞ്ചംഗ സംഘം വീട്ടിൽ കയറി അനീഷിനെ ഇരുന്പ് കന്പി ഉപയോഗിച്ച് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ അനീഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ ശല്യം ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ജൂലൈ 12ന് അച്ഛനെയും രണ്ട് മക്കളെയും കഞ്ചാവ് മാഫിയ ആക്രമിച്ചിരുന്നു. ഈ കേസിൽ പ്രതികളായവർ ഇപ്പോഴും കോളനിയിൽ തന്പടിച്ചിരിക്കുന്നു.
ഇവർ കോളനി നിവാസികൾക്കു നിരന്തരം ശല്ല്യം ഉണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. സബീന നൽകിയ പരാതിയിൽ ഏറ്റുമാനൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു.