ഇരിട്ടി: മർദനത്തിൽ ഗുരുതര പരുക്കേറ്റ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വീട്ടമ്മയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പായം സ്കൂളിനടുത്ത മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രസന്ന വേണുഗോപാലി (50)നാണ് പരിക്കേറ്റത്.
ആർമിയിൽ നിന്നും വിരമിച്ച അയൽവാസിയായ റെയിൽവേ ഉദ്യോഗസ്ഥൻ പായത്തെ കെ.പി. സുരേഷ് ബാബു പ്രസന്നയെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചതായാണ് പരാതി.
പ്രസന്നയുടെ ഭർത്താവിനേയും മകളെയും റോഡിൽ വച്ച് സുരേഷ് ബാബു അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് പ്രസന്നയെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തലയ്ക്കു ഗുരുതര പരുക്കേറ്റ പ്രസന്ന വേണുഗോപാലിന് രണ്ടു തവണ ശസ്ത്രക്രിയ നടത്തി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ഇരിട്ടി പോലീസ് ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസെടുത്തു.