ടെൽ അവീവ്/അമ്മാൻ: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കി ഗാസയിലെ അല്‍ അഹ്ലി അറബി ആശുപത്രി ആക്രമണം മാറുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 471 പേര് കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നത്.
പലസ്തീൻ തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്നു പറയുന്ന ഇസ്രേലി പ്രതിരോധ സേന, പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ചാണ് വൻദുരന്തമായതെന്നും വിശദീകരിക്കുന്നു.
മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു.
ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിച്ച ബൈഡൻ മറുപക്ഷമാണ് ഇതിനു പിന്നിലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആർക്കൊപ്പമാണ് യുഎസ് എന്ന് ഇസ്രേലി ജനതയെയും ലോകത്തെയും ബോധ്യപ്പെടുത്തുകയാണ് സന്ദർശനലക്ഷ്യമെന്ന് ബൈഡൻ പറഞ്ഞു.
ഗാസയിലെ ആശുപത്രി ആക്രമണം ഏറെ സങ്കടകരമാണ്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ്, 31 യുഎസ് പൗരന്മാരെയുൾപ്പെടെ 1400 പേരെ പലസ്തീൻ തീവ്രവാദികൾ കൊലപ്പെടുത്തിയെന്നും പറഞ്ഞു.
അതേസമയം, ഗാസ ആശുപത്രി ആക്രമണത്തിന്റെ പേരില്‍ അറബ് രാജ്യങ്ങള്‍ ഹമാസിനൊപ്പം കൂടുതൽ ശക്തമായി തുടരുകയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചർച്ചകളിൽനിന്നുവരെ അറബ് നേതാക്കൾ പിന്മാറി.
ഇസ്രയേലിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ജോർദാനിൽ അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ബൈഡന്റെ പദ്ധതി. ഉച്ചകോടിയിൽനിന്ന് പിന്മാറിയതായി അറബ് നേതാക്കൾ പ്രഖ്യാപിച്ചത് ആശുപത്രി ആക്രമണത്തിന്റെ കാരണം പറഞ്ഞാണ്.
ആശുപത്രി ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അഷ്റഫ് അല്‍ ഖുദ്ര ആവർത്തിക്കുകയാണ്. ഗാസയില്‍ ഇസ്രേലി ആക്രമണത്തില്‍ 3,478 പേര് കൊല്ലപ്പെട്ടുവെന്നും 12,065 പേര്‍ക്ക് പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോകനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ആശുപത്രിയിലെ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് സമൂഹമാധ്യമായ എക്സിൽ മോദി കുറിച്ചു. ആക്രമണത്തെ ചൈനയും അപലപിച്ചു. എന്നാൽ, ഇസ്രയേലിനെയോ പലസ്തീനെയോ പേരെടുത്തു പറഞ്ഞിട്ടില്ല.