ഓണ്ലൈന് ഗെയിമിംഗ് ആപ്പ് ഉപയോഗിച്ച് കൗമാരക്കാരായ കുട്ടികളെ മതംമാറ്റുന്ന റാക്കറ്റിലെ മുഖ്യപ്രതി പോലീസിന്റെ പിടിയില്.
ഷാനവാസ് ഖാന് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മുംബൈയിലെ വോര്ലിയില് നിന്ന് ഇയാളെ കുറിച്ച് വിവരം ലഭിക്കുകയും തുടര്ന്ന് ഞായറാഴ്ച അലിബാഗില് നിന്ന് ഇയാളെ പോലീസ് പിടികൂടുകയുമായിരുന്നു.
ഇയാള് കേസിലെ മുഖ്യ കണ്ണിയാണെന്ന് മനസ്സിലാക്കിയതിനെ തുടര്ന്ന് ഗാസിയാബാദ് പോലീസ് മുംബൈ പോലീസിന്റെ സഹായവും തേടുകയായിരുന്നു.
ഇവരുടെ സംയുക്തസംഘം നടത്തിയ ഓപ്പറേഷനില് പ്രതിയെ പിടികൂടാന് ആദ്യം ശ്രമിച്ചെങ്കിലും അമ്മയ്ക്കും സഹോദരനും ഒപ്പം ഇയാള് ഒളിവില് പോയി.
പോലീസ് തിരയുന്നുണ്ടെന്ന് വിവരം ലഭിച്ച ഷാനവാസ് മഹാരാഷ്ട്രയിലെ അലിബാഗിലേക്ക് കടന്നു. എന്നാല് ശനിയാഴ്ച രാവിലെ ഷാനവാസ് അലിബാഗിലെ ഒരു ലോഡ്ജില് ഒളിവില് കഴിയുകയാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു.
ഇതിനെ തുടര്ന്ന് മുംബൈ പോലീസ് രാത്രിയില് ലോഡ്ജുകളില് റെയ്ഡ് നടത്തുകയും ചെയ്തു. ശേഷം അലിബാഗ് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2021ന്റെ തുടക്കത്തില് ഓണ്ലൈന് ഗെയിമിംഗ് ആപ്ലിക്കേഷനായ ഫോര്ട്ട്നൈറ്റ് വഴി ഒരു ആണ്കുട്ടിയെ ഇത്തരത്തില് മതപരിവര്ത്തനത്തിന് ഇരയാക്കിയെന്ന് പ്രതിയായ ഷാനവാസ് പറഞ്ഞു.
മൊബൈല് നമ്പറുകള് കൈമാറുകയും ഗെയിമിനുള്ളിലെ ഡിസ്കോര്ഡ് സവിശേഷതയെക്കുറിച്ച് ഇരയുമായി ആശയവിനിമയം നടത്തുകയും ചെയ്ത ശേഷം സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
അങ്ങനെ ഗെയിം കളിക്കുന്നതിനിടയില് ഇവര് ലക്ഷ്യസ്ഥാനമായ ഐസ് ബോക്സില് എത്തുന്നതോടെ ഇരുവരും ആദ്യമായി മതപരിവര്ത്തനത്തെക്കുറിച്ച് സംസാരിക്കുകയും ടെലിവാന്ജലിസ്റ്റ് സാക്കിര് നായിക്കിന്റെ പ്രസംഗത്തെക്കുറിച്ച് ചര്ച്ച ചെയ്യുകയും ചെയ്യും. ഇങ്ങനെയാണ് ഇവര് ഇരകളെ വലയിലാക്കുന്നത്.
അതേസമയം ഗെയിമിംഗ് ആപ്പ് ആക്സസ് ചെയ്യാന് ഉപയോഗിച്ചിരുന്ന ഒരു മൊബൈല് ഫോണും ഐപാഡും കമ്പ്യൂട്ടറും പ്രതിയായ ഷാനവാസിന്റെ വീട്ടില് നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇയാളുടെ വാട്സ്ആപ്പ്, ഇന്സ്റ്റഗ്രാം അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. മെയ് 30 ന് ഗാസിയാബാദിലെ കവി നഗര് പോലീസ് സ്റ്റേഷന് പരിധിയില് ആണ് ഇയാള്ക്കെതിരെ പോലീസിന് ആദ്യം പരാതി ലഭിച്ചത്.
ഇരയുടെ കുടുംബം ബദ്ദോ എന്ന് സംശയിക്കുന്ന ഒരാളുടെ ഡിജിറ്റല് ഐഡന്റിറ്റി ആണ് പോലീസിന് കൈമാറിയത്. എന്നാല് സൈബര് സംഘം ഇയാളുടെ ലൊക്കേഷന് ട്രാക്ക് ചെയ്ത് യഥാര്ത്ഥ പ്രതി താനെയില് നിന്നുള്ള 23 വയസ്സുള്ള ഷാനവാസ് മക്സൂദ് ഖാന് ആണെന്ന് കണ്ടെത്തുകയായിരുന്നു.
ഈ കേസിലെ രണ്ടാം പ്രതി ഗാസിയാബാദില് നിന്ന് തന്നെയുള്ള മൗലവി എന്ന ആളാണ്. ജൈനമതത്തില് നിന്നുള്ള ഒരു കുട്ടിയെയും രണ്ട് ഹിന്ദു കുട്ടികളെയുമാണ് ഇവര് ഗെയിംമിംഗിന്റെ മറവില് മതംമാറ്റത്തിന് വിധേയരാക്കിയത്.
ഹിന്ദുക്കളുടെ പേരില് വ്യാജ ഐഡി ഉപയോഗിച്ചാണ് പ്രതികള് ഫോര്ട്ട്നൈറ്റ് ആപ്പ് വഴി ഇരകളെ ലക്ഷ്യം വച്ചിരുന്നത്.
ഖുറാന് പാരായണം ചെയ്താല് കളിയില് ജയിക്കുമെന്നും ഇരകളെ ഇവര് വിശ്വസിപ്പിച്ചു. ശേഷം ഇവരെ സാക്കിര് നായിക്കിന്റെ വീഡിയോകള് കാണിക്കും.
തുടര്ന്ന് വിശ്വാസികളായി മാറിയ ശേഷം പാകിസ്ഥാന് ഇസ്ലാമിക് ടെലിവിഷന് പ്രബോധകനും തബ്ലീഗി ജമാഅത്ത് അംഗവുമായ താരിഖ് ജമീലിന്റെ വീഡിയോകളും നല്കുമെന്നും പോലീസ് വ്യക്തമാക്കി.