സാംഭൽ: ഉത്തർപ്രദേശിലെ സാംഭൽ ജില്ലയിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവത്തിൽ അഞ്ചു പ്രതികളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഉൾപ്പെടെ രണ്ടു പേരാണ് അറസ്റ്റിലായതെന്നും മറ്റു മൂന്നുപേർക്കായി തെരച്ചിൽ നടക്കുകയാണെന്നും പോലീസ് സൂപ്രണ്ട് ആർ.എം. ഭരദ്വാജ് പറഞ്ഞു.
വീടിനുള്ളിൽവച്ച് യുവതിയെ മാനഭംഗം ചെയ്തശേഷം ക്ഷേത്രവളപ്പിൽകൊണ്ടുവന്നു തീകൊളുത്തുകയായിരുന്നു. നാലു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. യുവതിയുടെ ഭർത്താവാണു പോലീസിൽ പരാതി നല്കിയത്. ശനിയാഴ്ച വെളുപ്പിന് 2.30നാണു സംഭവം.
വീട്ടിലേക്ക് അതിക്രമിച്ചു കടന്ന അഞ്ചുപേർ യുവതിയെ കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ഈ സമയം മകൾ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇതിനുശേഷം യുവതിയെ വലിച്ചിഴച്ച് ക്ഷേത്രവളപ്പിലെ യജ്ഞശാലയിലെത്തിച്ചു ചുട്ടെരിക്കുകയായിരുന്നു.