ജംഷഡ്പൂർ: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.
ഝാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ബം ജില്ലയിൽ മൂന്നുവർഷം മുൻപാണ് സംഭവം നടന്നത്. തപൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ തപൻ ദാസിന്റെ ഭാര്യ ശ്വേതാ ദാസ്, കാമുകൻ സുമിത് സിംഗ്, കൂട്ടാളി സോനു ലാൽ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഓരോരുത്തർക്കും 7,000 രൂപ വീതം പിഴയും കോടതി വിധിച്ചു.
2019 ജനുവരി 12 ന് ജംഷഡ്പൂരിലെ ടെൽകോ പ്രദേശത്താണ് തപൻ ദാസ് കൊല്ലപ്പെട്ടത്. പ്രതികൾ മൂന്ന് പേരും തപൻദാസിന്റെ മൃതദേഹം റഫ്രിജറേറ്ററിലിട്ട് ഓട്ടോറിക്ഷയിൽ കയറ്റി ബരാബങ്കിയിലെത്തിച്ച് കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.
ശ്വേതയും തപനും താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ബ്ലോക്കിലും പരിസരത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പ്രതികളായ മൂന്ന് പേരുടെയും കോൾ വിശദാംശങ്ങളും പരിശോധിച്ചാണ് പോലീസ് കേസെടുത്തത്.
ദമ്പതികൾക്ക് ഒമ്പത് വയസ്സുള്ള ഒരു മകളുണ്ട്.