വിദ്യാർഥികൾ ഭക്ഷണം കഴിക്കുവാൻ കൂടുതൽ സമയം ചിലവഴിക്കുന്നത് ഒഴിവാക്കുവാൻ സ്കൂൾ അധികൃതർ ഭക്ഷണമുറിയിലെ കസേരകൾ എടുത്തുമാറ്റി. ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ഒരു സ്കൂൾ അധികൃതരാണ് ഇപ്പോൾ വിമർശനശരങ്ങൾ ഏറ്റുവാങ്ങുന്നത്.
വേനലവധിക്കു ശേഷം സ്കൂളിൽ തിരികെയെത്തിയ വിദ്യാർഥികളോടാണ് സ്കൂൾ അധികൃതരുടെ ഈ ക്രൂരത. ഭക്ഷണ സമയത്തും അതിനു ശേഷവും വിദ്യാർഥികൾ ഇവിടെ ഇരുന്ന് സംസാരിച്ചു സമയം കളയുന്നത് ഒഴിവാക്കാനായാണ് കസേരകൾ മാറ്റിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
ഭക്ഷണം കഴിക്കുവാൻ വെറും പത്തു മിനിട്ടിന്റെ ആവശ്യമേ ഉള്ളുവെന്നാണ് സ്കൂൾ അധികൃതരുടെ വാദം. ചൈനയിലെ മുൻപന്തിയിൽ നിൽക്കുന്ന പല സ്കൂളുകളിലും ഇത്തരം പട്ടാളച്ചിട്ടകളാണ് നിലനിൽക്കുന്നത്. ഇവിടെ പുലർച്ചെ അഞ്ചരയ്ക്ക് ക്ലാസുകളും ആരംഭിക്കും.
ഭക്ഷണമുറിയിലെ കസേരകൾ നീക്കം ചെയ്ത സംഭവം വൈറലായതിനെ തുടർന്ന് സ്കൂൾ അധികൃതരെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്രവൃത്തികൾ കൂട്ടികളിൽ ഒരുവിധത്തിലും സ്വാധീനം ചെലുത്തില്ലന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.