സന്തോഷ ജന്മദിനം കുട്ടിക്ക്… ടെക് ഭീമൻ ഗൂഗിളിന് 20-ാം ജന്മദിനത്തിന്റെ ആശംസകളേകുകയാണ് ലോകം മുഴുവൻ. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമല്ല ഗൂഗിളിന്റേത്. പലപ്പോഴും കാലിടറിയിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോയിട്ടുമുണ്ട്. പക്ഷേ, വീണില്ല.
വഴി മാറ്റിയും കൂടുതൽ സൂക്ഷിച്ചും യാത്ര തുടർന്നു. വീഴ്ചകളിൽനിന്നു പാഠമുൾക്കൊണ്ട് സത്വര നടപടികൾ കൈക്കൊള്ളാനുള്ള കഴിവാണ് ഗൂഗിളിനെ ഇന്നത്തെ നിലയിലെത്തിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന സെർച്ച് എൻജിൻ, ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഉപജ്ഞാതാക്കൾ… ഏറ്റവുമധികം സബ്സ്ക്രൈബേഴ്സ് ഉള്ള വീഡിയോ സ്ട്രീമിംഗ് സൈറ്റിന്റെ ഉടമസ്ഥർ… അങ്ങനെ പലതാണ് ഗൂഗിളിനു തിലകക്കുറിയായുള്ള വിശേഷണങ്ങൾ. ഗൂഗിൾ പിന്നിട്ട വഴികളിലൂടെ ഒരു തിരിച്ചുപോക്ക്…
കൂട്ടുകെട്ടിൽ പിറവി
കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലാ വിദ്യാർഥികളായ ലാറി പേജിന്റെയും സെർജി ബ്രിന്നിന്റെയും കൂട്ടുകെട്ടാണ് 1998 സെപ്റ്റംബർ നാലിന് ഗൂഗിളിന്റെ പിറവിക്കു കാരണമായത്. തെരച്ചിൽ നടത്തിയാൽ അതുമായി ബന്ധപ്പെട്ട സകല സൈറ്റുകളും എത്തിക്കുന്ന നിരവധി സെർച്ച് എൻജിനുകളുള്ള കാലമായിരുന്നു അത്. ഏതാണ് ഏറ്റവും അനുയോജ്യമായതും മികച്ചതുമായ സൈറ്റ് എന്നു കണ്ടെത്തേണ്ട ചുമതല ഉപയോക്താവിന്റെ മാത്രമായിരുന്ന കാലം.
എന്നാൽ, ലാറിയും സെർജിയും മാറി ചിന്തിച്ചു. സെർച്ചിലെ കീവേഡുകൾക്കനുസരിച്ചുള്ള സകല സൈറ്റുകളും എത്തിക്കുന്നതിനു പകരം സെർച്ച് ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ സൈറ്റുകളെത്തിക്കാൻ വഴിയെന്താണെന്നായിരുന്നു ലാറിയുടെയും സേർജിയുടെയും ചിന്ത. നാളുകൾ നീണ്ട പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിൽ ഇക്കാര്യത്തിൽ അവർ വിജയം കണ്ടു.
സൈറ്റുകളുടെ ട്രാഫിക്കും ജനപ്രീതിയും കണക്കിലെടുത്ത് വെബ്സൈറ്റുകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തുന്ന ആൽഗരിതം അവർ രൂപപ്പെടുത്തി. പേജ് റാങ്കിംഗ് എന്ന പേരിലാണ് ഈ രീതി അറിയപ്പെട്ടത്. ഇതോടെ ആളുകൾക്ക് ഓൺലൈൻ സെർച്ചിംഗ് എളുപ്പമായി. ലാറിയുടെയും സെർജിയുടെയും സെർച്ച് എൻജിന് വലിയ ഖ്യാതിയുമായി.
ഗൂഗൊൾ ഗൂഗിളായ കഥ
തങ്ങളുടെ കന്പനിക്ക് ലാറിയും സേർജിയും ഗൂഗൊൾ എന്ന പേരാണ് ആദ്യമിട്ടത്. 100 പൂജ്യമുള്ള സംഖ്യയെ സൂചിപ്പിക്കുന്ന പദമാണ് ഗൂഗൊൾ. എന്നാൽ, ആളുകൾ കേട്ടതും പറഞ്ഞതും ഗൂഗിൾ എന്നാണ്. അതു തിരുത്താൻ കൂട്ടുകാരായ കന്പനിയുടമകൾ മിനക്കെട്ടുമില്ല. അങ്ങനെ ഗൂഗൊൾ ഗൂഗിളായി. ഗൂഗിളിന്റെ ആദ്യത്തെ രൂപം 1996 ഓഗസ്റ്റിൽ സ്റ്റാൻഫോർഡ് വെബ്സൈറ്റിൽ പുറത്തിറങ്ങി. ഗൂഗിൾ.കോം എന്ന ഡൊമെയ്ൻ നെയിം രജിസ്റ്റർ ചെയ്യപ്പെടുന്നത് 1997 സെപ്റ്റംബർ 15നാണ്.
ഒന്നു വിറ്റുകിട്ടിയിരുന്നങ്കിൽ
നല്ല വിലകിട്ടിയാൽ തങ്ങളുടെ സ്റ്റാർട്ടപ് ഏതെങ്കിലും വന്പന്മാർക്ക് വിൽക്കാൻ താത്പര്യം കാണിക്കുന്ന ഇന്നത്തെ യുവസംരംഭകരേപ്പോലെയായിരുന്നു അന്ന് ലാറിയും സേർജിയും. തങ്ങൾ കണ്ടെത്തിയ സാങ്കേതികവിദ്യ പത്തുലക്ഷം ഡോളറിന് ഓൾട്ടവിസ്റ്റക് എന്ന സേർച്ച് എൻജിനു കൈമാറാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ, ഓൾട്ടവിസ്റ്റക് “കുട്ടികളുടെ കണ്ടെത്തിലിനു’ വിലകൊടുക്കാൻ തയാറായില്ല.
യാഹുവിന് തങ്ങളുടെ സംരംഭം കൈമാറുക എന്നതായിരുന്നു ലാറിയുടെയും സെർജിയുടെയും അടുത്ത പദ്ധതി. അതും വിജയിച്ചില്ല. അമേരിക്ക ഓണ്ലൈനും (എഒഎൽ ) ഗൂഗിളിനെ കൈയൊഴിഞ്ഞു. ഒടുവിൽ ആൻഡി ബെച്ചോൾഷീം എന്ന കോടീശ്വരനായ നിക്ഷേപകൻ ഗൂഗിളിൽ പണം മുടക്കാൻ തയാറായി. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഗൂഗിൾ ഇൻകോർപറേറ്റഡ് എന്ന കന്പനി ലാറിയും സെർജിയും തുടങ്ങുന്നത്.
എന്തിനും എവിടെയും…
ആൽഫബെറ്റ് ആണ് ഗൂഗിളിന്റെ പേരന്റ് കന്പനി. പലതരം വ്യവസായങ്ങളിലും കൈവച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ പരസ്യങ്ങളാണ് ഗൂഗിളിന്റെ പ്രധാന വരുമാനമാർഗം. ഗൂഗിൾ മാപ്, യൂട്യൂബ്, ജിമെയിൽ, ഗൂഗിൾ ക്രോം തുടങ്ങിയവയാണ് ജനപ്രീതി നേടിയെടുത്ത ഗൂഗിളിന്റെ ആപ് അധിഷ്ഠിത സേവനങ്ങൾ.
ഇവയ്ക്കു പറമേ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഗൂഗിൾ സ്മാർട്ട് വാച്ചുകൾ, പിക്സൽ സ്മാർട്ഫോണുകൾ, എക്സ് ലാബ് ടെക്നോളജി തുടങ്ങിയവയും ഗൂഗിളിന്റെ പേരുകേട്ട സംരംഭങ്ങളാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ് രംഗത്തും ഗൂഗിൾ ചുവടുറപ്പിച്ചുകഴിഞ്ഞു. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകളും വരാനിരിക്കുന്നു.
അലക്സ് ചാക്കോ