കണ്ണൂർ: കോവിഡ് കാലം പതുക്കെ മാറുന്പോൾ നിശ്ചലമായ അരങ്ങിന് വീണ്ടും തീപിടിച്ച് തുടങ്ങിയിരിക്കുന്നു.
ഒരു വർഷക്കാലമായി തിരശീലയ്ക്ക് പിറകിൽ മാത്രമായിരുന്ന നാടകങ്ങൾ ഇന്ന് കാണികൾക്കൊപ്പമെത്തി.
നാട്ടിൻപുറങ്ങളിലെ അമേച്വർ നാടകസമിതികൾ പലതും പ്രതാപകാലത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്.
അരങ്ങിനൊപ്പം നിന്നവർ സർഗാത്മക സൃഷ്ടികളുമായി മുന്നിൽ നടന്നുതുടങ്ങിയിരിക്കുന്നു. അത്തരം ചുവടുവയ്പ്പുകളിൽ ഏറെ പുതുമയാർന്നതും ഇതിനകം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതുമായ നാടകമാണ് “ഗോര’.
ചൂട്ട് തീയറ്റർ കല്യാശേരിയാണ് “ഗോര’ അരങ്ങിലെത്തിച്ചത്. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഉമേഷ് കല്യാശേരിയാണ്.
സുനിൽ പാപ്പിനിശേരി എന്ന ഏക നടനിലൂടെയാണ് “ഗോര’ പറയുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ഗോര എന്ന നോവലിന്റെ നാടകാവിഷ്ക്കരണമാണ് ഈ നാടകം.
വലുപ്പം കൂടിയ ഒരു ചെരിപ്പിനെ അരങ്ങിൽ നിർത്തിയാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ഏകപാത്ര നാടകം പ്രേക്ഷകർക്ക് വിസ്മയം സൃഷ്ടിക്കുന്നത്. ചരിത്രത്തിനൊപ്പം നടന്ന് തേഞ്ഞ ചെരുപ്പിലൂടെയാണ് നാടകം കഥ പറയുന്നത്.
എല്ലാറ്റിനും ഒപ്പം നില്ക്കുകയും അവസാനം ഒന്നുമല്ലാതായി തീരുകയും ചെയ്യുന്നവരുടെ വേദനയാണ് നാടകം പ്രതിപാദിക്കുന്നത്.
കമ്പിൽ സംഘമിത്ര സംഘടിപ്പിച്ച ഒകെ കുറ്റിക്കോൽ നാടകോത്സവത്തിലാണ് “ഗോര’യുടെ ആദ്യ അവതരണം നടന്നത്.
ഗ്രാമങ്ങളിൽ നാടകം കളിച്ചില്ലെങ്കിൽ ഫാസിസ്റ്റ് ശക്തികൾ അവിടേക്കു നുഴഞ്ഞു കയറി വരുമെന്നും നാട്ടിൽ ഒരനീതി നടന്നാൽ സൂര്യനസ്തമിക്കുന്നതിനു മുമ്പേ അതിനെ ചോദ്യം ചെയ്തില്ലെങ്കിൽ അതൊരു കാട്ടുതീയായി നമ്മളിലേക്കു തന്നെ പടർന്നു കയറുമെന്നും ഈ നാടകം നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. ഫോൺ: 9567330502.