ഗിന്നസ് വേള്ഡ് റിക്കാര്ഡ്സില് ഇടം നേടാന് വ്യത്യസ്ഥമായ പല വേലകളും ഒപ്പിക്കുന്ന മനുഷ്യരുടെ വാര്ത്തകള് നമ്മള് കാണാറുണ്ട്.
ഇത്തരത്തില് ലോക റിക്കാര്ഡിട്ടിട്ടുള്ള നിരവധി പക്ഷിമൃഗാധികളുമുണ്ട്. ഇപ്പോള് ഗിന്നസില് ഇടം നേടിയിരിക്കുന്നത് ഒരു പശുവാണ്.
‘ഗോസ്റ്റ്’ എന്ന പേരില് അറിയപ്പെടുന്ന ഈ പശുവിന് വെറും 60 സെക്കന്ഡില് വ്യത്യസ്തങ്ങളായ പത്ത് കാര്യങ്ങള് ചെയ്യാന് സാധിക്കും.
അതിഥികളെ സ്വീകരിക്കുന്നത് മുതല് ചുംബനം നല്കുന്നത് വരെയുള്ള കാര്യങ്ങള് ഇതില് ഉള്പ്പെടുന്നു.
അമേരിക്കയിലെ നെബ്രാസ്കയില് നിന്നുള്ള മേഗന് റെയ്മാന് എന്ന സ്ത്രീയാണ് ഈ പശുവിന്റെ പരിശീലക.
ഗിന്നസ് വേള്ഡ് റെക്കോര്ഡ്സ് അടുത്തിടെ യുട്യൂബില് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഗോസ്റ്റ് എന്ന ലോക റെക്കോര്ഡ് ജേതാവായ പശുവിനെ ലോകം അറിഞ്ഞത്.
മേഗന് റെയ്മാന്റെ നിര്ദ്ദേശങ്ങള്ക്ക് അനുസരിച്ച് ഗോസ്റ്റ് പ്രവര്ത്തിക്കുന്നതിന്റെ വീഡിയോയാണ് യൂട്യൂബില് ശ്രദ്ധിക്കപ്പെട്ടത്. ഒരു മിനിറ്റിനുള്ളില് 10 നിര്ദ്ദേശങ്ങളോടാണ് ഈ പശു കൃത്യമായി പ്രതികരിച്ചത്.
ഒരു സ്ഥലത്ത് നില്ക്കുക, സ്പിന് ചെയ്യുക, ബെല് ടച്ച് ചെയ്യുക, തല കുലുക്കുക, ചുംബനം എന്നിവയും ഇതില് ഉള്പ്പെടുന്നു.
വീഡിയോയിലെ ഏറെ കൗതുകകരമായ മറ്റൊരു കാര്യം ഓരോ പ്രാവശ്യവും നിര്ദ്ദേശങ്ങളും കൃത്യമായി പ്രതികരിച്ചതിനു ശേഷം ഗോസ്റ്റ് തന്റെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കുന്നു എന്നതാണ്.
ഗിന്നസ് വേള്ഡ് റെക്കോര്ഡ്സ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് പേജില് ഗോസ്റ്റിന്റെയും പരിശീലകയായ മേഗന് റെയ്മാന്റെയും ചിത്രങ്ങള് പങ്കുവെച്ചിട്ടുണ്ട്.