സ്വന്തം ലേഖകൻ
കാസർഗോഡ്: ജില്ലയുടെ അതിർത്തി പ്രദേശത്ത് പ്രേതക്കല്യാണം. കഴിഞ്ഞ ദിവസം ബദിയഡുക്ക പെർളയിലെ പരേതരായ രമേശനും സുകന്യയുമായുള്ള വിവാഹമാണു നടന്നത്. ’ദന്പതികൾക്ക്’ ആദ്യരാത്രിയും വിവാഹത്തിനു ക്ഷണം ലഭിച്ചവർക്ക് സദ്യയും ബന്ധുക്കൾ നൽകി. കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ ഇത്തരം ആചാരങ്ങൾ നടന്നുവരുന്നതായി സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കാലഘട്ടത്തിന്റെ മാറ്റത്തിൽ ഇത്തരം അനാചാരങ്ങൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇപ്പോഴും ഇത്തരം വിവാഹങ്ങൾ നടന്നുവരുന്നണ്ടെന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന പ്രേതക്കല്യാണം. ജോത്സ്യരുടെ നിർദേശ പ്രകാരമാണ് പ്രേതക്കല്ല്യാണങ്ങൾ നടത്തുന്നത്. വിവാഹം നടക്കുന്നതിനു മുന്പേ മരിച്ചവർക്കു വേണ്ടിയാണ് ഇത്തരം വിവാഹങ്ങൾ അവർക്ക് പ്രായമാകുന്പോൾ നടത്തുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നാട്ടിലും കുടുംബത്തിലും പല ദോഷങ്ങൾ ഉണ്ടാകുമെന്നും ഇവർ വിശ്വസിക്കുന്നു.
മൂന്നാം വയസിൽ മരിച്ച രമേശനും രണ്ടാം വയസിൽ മരിച്ച സുകന്യയ്ക്കുമാണ് വിവാഹം നടത്തിയത്. പരലോകത്ത് പ്രവേശിച്ച ഇവർക്ക് ബന്ധുക്കൾ വിവാഹത്തിന്റെ എല്ലാ പ്രൗഡിയോടെയും തന്നെയാണ് ചടങ്ങ് നടത്തിയത്. ദോഷപരിഹാരമായാണ് ഇത്തരം പ്രേതക്കല്യാണങ്ങൾ നടത്തുന്നത്. കണ്മുന്നിൽ വധൂ വരൻമാർ ഇല്ലെന്നതൊഴിച്ചാൽ പെണ്ണുചോദിക്കലും ജാതകപ്പൊരുത്തവും അടക്കം സാധാരണ നടത്തുന്ന കല്യാണത്തിന്റെ അതേ ചടങ്ങുകളാണ് പ്രേതക്കല്യാണത്തിലും നടത്തുന്നത്. ക്ഷണിക്കപ്പെട്ടവർ പരേതരെ ഓർമിച്ച് കണ്ണീർ വാർത്ത് തുടച്ച് സദ്യയുണ്ടു പിരിയും.
പുരുഷന്റെ വീട്ടുകാരാണ് വിവാഹം നടത്താൻ മുന്നിട്ടിറങ്ങുക. പിന്നീട് സമപ്രായത്തിൽ മരിച്ച ഏതെങ്കിലും സ്ത്രീയുണ്ടോ എന്നു അന്വേഷിക്കും. സ്വന്തം സമുദായത്തിൽ നിന്നും മാത്രമേ വധൂ വര·ാരെ കണ്ടെത്തുകയുള്ളൂ. മിശ്രവിവാഹങ്ങൾ അനുവദിക്കാറില്ല. ജാതകങ്ങൾ ചേർന്നാൽ വിവാഹ തീയ്യതി കുറിക്കും. കുടുംബക്കാരെയും നാട്ടുകാരെയും കല്യാണക്കുറി നൽകി ക്ഷണിക്കും. വധു ഗ്രഹത്തിൽ വെച്ചായിരിക്കും വിവാഹം നടക്കുക. വധു വരൻമാരുടെ രൂപമുണ്ടാക്കി വിവാഹ വസ്ത്രങ്ങൾ അണിയിക്കും. മോതിരം കൈമാറിയ ശേഷം മാലയിട്ടാൽ പരേതർ ദന്പതികളായി മാറുന്നു.
പ്രേത നവ വധുവുമായി വരന്റെ ആത്മാവും കൂട്ടരും വീട്ടിലേക്കു മടങ്ങും. വീട്ടിൽ വധൂ വരൻമാരെ സ്വീകരിച്ച് പാലച്ചോട്ടിൽ കുടിയിരുത്തുന്ന ചടങ്ങാണ് പിന്നീട്. ’ആദ്യരാത്രി’യിൽ ആത്മാക്കളെ അവരെ സ്വതന്ത്രമായി വിടുന്നതോടെയാണ് ചടങ്ങുകളുടെ പര്യവസാനം. കർണാടകയിൽ പ്രേതവിവാഹങ്ങൾ കുറച്ചുകൂടി ലളിതമാണ്. ക്ഷേത്രത്തിലെത്തുന്ന വീട്ടുകാർ ആത്മാക്കളെ ഓരോ തേങ്ങയിലേക്ക് ആവാഹിക്കുന്നു. പിന്നീട് ഹോമകുണ്ഡത്തിനു മുന്നിൽ വധൂവര·ാരുടെ വസ്ത്രങ്ങൾ കൈമാറും. ഒടുവിൽ കമുകിൻപൂക്കുലയ്ക്കു മേൽ തേങ്ങകൾ വെച്ച് കൈമാറുന്നതോടെ വിവാഹം അവസാനിക്കും. വിവാഹിതരാകാതെ മരിക്കുന്നവരുടെ ആത്മാക്കൾക്കു മോക്ഷം ലഭിക്കില്ലെന്നും അവർ വീട്ടുകാർക്കു ശല്യമുണ്ടാക്കുമെന്ന വിശ്വാസമാണ് ഈ പ്രേതവിവാഹത്തിനു പിന്നിലെന്നാണു സംശയം.