കല്ലുവെട്ടി ഉപജീവനമാർഗം കണ്ടെത്തിയിരുന്നവരായിരുന്നു തെലുങ്കാനയിലെ കസിഗുഡയിലുള്ള നിർമൽ ഗ്രാമത്തിലെ ആളുകൾ. ഏകദേശം 60 കുടുംബങ്ങൾ താമസിച്ചിരുന്ന ഈ ഗ്രാമത്തിലിപ്പോൾ 10ൽ താഴെ കുടുംബങ്ങൾ മാത്രമേയുള്ളൂ. ബാക്കിയുള്ളവരൊക്കെ തങ്ങളുടെ ഉൗരും വീടും വിട്ട് അടുത്തുള്ള ഗ്രാമങ്ങളിലേക്കു പാലായനം ചെയ്തുകഴിഞ്ഞു.
പുരുഷൻമാരെ മാത്രം ആക്രമിക്കുന്ന ഒരു പ്രേതം ഈ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞു നടപ്പുണ്ടത്രേ. ഇതിന്റെ ഉപദ്രവം ഭയന്നാണു പുരുഷൻമാർ തങ്ങളുടെ കുടുംബത്തെയും കൂട്ടി ഈ ഗ്രാമംതന്നെ വിട്ടുപോകുന്നത്. ഇപ്പോഴും ഇവിടെ താമസിക്കുന്നവരാകട്ടെ സൂര്യൻ അസ്തമിക്കുന്നതിനു മുന്പുതന്നെ വീടുകളിൽ കയറി കതകടയ്ക്കും. പിന്നെ ആരുവന്നു വിളിച്ചാലും സൂര്യൻ ഉദിക്കാതെ വാതിൽ തുറക്കില്ല. മുന്പും പല ഇന്ത്യൻ ഗ്രാമങ്ങളിൽ ഇത്തരം പ്രേതശല്യങ്ങളുടെ കഥകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ ഒരു ഗ്രാമം വിജനമാകുന്നത് ആദ്യമായാണ്.