മലപ്പുറം പെരുമണ്ണയില്‍ ഭൂമി പിളര്‍ന്നു രൂപപ്പെട്ടത് 70 മീറ്റര്‍ നീളമുള്ള അഗാധ ഗര്‍ത്തം; ഒരാഴ്ച മുമ്പ് വിള്ളലില്‍ വീണ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ ഇപ്പോഴും കേള്‍ക്കാം; നാട്ടുകാര്‍ ഭീതിയില്‍…

കോട്ടയ്ക്കല്‍: മലപ്പുറത്ത് പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്ന് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. 70 മീറ്ററോളം ദൂരത്തിലാണ് ഭൂമി പിളര്‍ന്നത്. മേല്‍ത്തട്ടില്‍ നാലുവര്‍ഷംമുമ്പേതന്നെ വിള്ളല്‍കണ്ടെത്തിയ പ്രദേശമാണിത്. കഴിഞ്ഞ ശനിയാഴ്ച വിടവില്‍ താണുപോയ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനായി മണ്ണുമാന്തിയപ്പോഴാണ് കണ്ണെത്താത്ത ആഴത്തില്‍ പിളര്‍പ്പുള്ളതായി കണ്ടെത്തിയത്. ആഴക്കൂടുതല്‍ ഭയന്ന് മണ്ണുമാന്തല്‍ നിര്‍ത്തി. വിള്ളലിന് ഒരടിയോളം വീതിയുണ്ട്. വിള്ളലിനിടയില്‍ കാണാത്തനിലയില്‍കുടുങ്ങിക്കിടക്കുന്ന ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കഴിഞ്ഞദിവസവും പുറത്തുകേട്ടിരുന്നു.

പിളര്‍പ്പ് കടന്നുപോകുന്നിടത്തുള്ള പൊട്ടച്ചോല റഹീമിന്റെ വീടിന്റെ ഒരുഭാഗം വിണ്ടുകീറി എപ്പോഴും പൊട്ടിവീഴാവുന്ന അവസ്ഥയിലാണ്. വിള്ളലിന് കണ്ണെത്താത്ത ആഴവും വ്യാപ്തിയുമുണ്ടെന്നറിഞ്ഞതോടെ ഈ വീട്ടില്‍ ഇപ്പോഴും താമസംതുടരുന്ന റഹീമിന്റെ ഭാര്യ കുഞ്ഞീമുവും നാലുമക്കളും കൂടുതല്‍ ആശങ്കയിലായി. റഹിം വിദേശത്താണ്. കുഞ്ഞീമുവിനോടും മക്കളോടും വീട് സുരക്ഷിതമല്ലാത്തതിനാല്‍ മാറിത്താമസിക്കാന്‍ നോട്ടീസ് നല്‍കുമെന്ന് പെരുമണ്ണ ക്ലാരി വില്ലേജ് ഓഫീസര്‍ പറഞ്ഞെങ്കിലും കുട്ടികളെയും കൊണ്ട് എങ്ങോട്ടു പോകണമെന്ന് അറിയില്ല ഇവര്‍ക്ക്.

ഇവരുടെ തൊട്ടടുത്ത വളപ്പില്‍ താമസിച്ചിരുന്ന പരുത്തിക്കുന്നന്‍ സൈനുദ്ദീനും കുടുംബവും അഞ്ചുവര്‍ഷം മുമ്പ് വീട് വിണ്ടുതകര്‍ന്ന് ഇവിടെനിന്ന് താമസം മാറ്റിയിരുന്നു. അന്ന് തിരുവനന്തപുരം ജിയോളജിവകുപ്പില്‍നിന്നും ഉദ്യോഗസ്ഥസംഘം വന്ന് വിവരങ്ങള്‍ ശേഖരിച്ചുപോയെങ്കിലും പിന്നീട് അതേക്കുറിച്ചുള്ള പഠനമൊന്നുമുണ്ടായില്ല.ഇത്തരം ഭൗമപ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കേണ്ടത് തങ്ങളല്ല, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്(CESS) ആണെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടത്തില്‍നിന്ന് ഇതുസംബന്ധിച്ച ആവശ്യമുണ്ടായാലേ സെസ്സ് പഠനത്തിന് തയ്യാറാകൂ.
2013-ല്‍ വീടുതകര്‍ന്ന് ഇവിടെനിന്നുതാമസം മാറ്റിയ പരുത്തിക്കുന്നന്‍ സൈനുദ്ദീന് പഞ്ചായത്ത് ഭരണസമിതിമുതല്‍ മുഖ്യമന്ത്രി വരെയുള്ളവരെ സമീപിച്ചിട്ടും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

വിള്ളലിനടുത്തുള്ള മറ്റു വീടുകളിലുള്ളവരും ആശങ്കയിലാണ്. മഴക്കാലമടുത്തതോടെ വെള്ളമിറങ്ങി വിള്ളല്‍ വലുതാവുമോയെന്നാണ് ഇവരുടെ ഭയം. പെരുമണ്ണ പഞ്ചായത്തിലെ 13-ാം വാര്‍ഡാണിത്. പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ ശ്രദ്ധവെയ്ക്കുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് പഠിക്കാന്‍ ജില്ലാ ജിയോളജി ഓഫീസിലെ ഉദ്യോഗനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍ നടപടിയെന്നും ജില്ലാ കളക്ടര്‍ അമിത് മീണ പറഞ്ഞു.

 

 

 

Related posts