സാങ്കേതിക തകരാർ കാരണം ഒരു ജയന്റ് വീൽ റൈഡ് പ്രവർത്തനം നിന്നു. ഡൽഹിയിലെ നരേല ഏരിയയിൽ നടന്ന നവരാത്രി മേളയിൽ 50 പേർ ഇരുന്ന ജയന്റ് വീലാണ് പ്രവർത്തനം മുടക്കിയത്. രാത്രി 10.30 ഓടെ ചക്രം കറങ്ങുന്നത് നിർത്തി. തുടർന്ന് മുകളിലെ കൂടുകളിലുള്ളവർ അരമണിക്കൂറോളം അവിടെ കുടുങ്ങിയിരുന്നു.
ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും സാങ്കേതിക ജീവനക്കാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
റൈഡിൽ ഉണ്ടായിരുന്ന 20പേരെയും രക്ഷപ്പെടുത്തിയതായ് പോലീസ് അറിയിച്ചു. ഇതിൽ നാല് പുരുഷന്മാരും പന്ത്രണ്ട് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. തുടർന്ന് സംഘാടകനെതിരെ നിയമനടപടി എടുത്തതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞയിടയ്ക്ക് ഗുജറാത്തിലെ ഒരു പ്രാദേശിക മേളയിൽ പെൺകുട്ടിയുടെ മുടി ഫെറിസ് ചക്രത്തിൽ കുടുങ്ങിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. ദേവഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ പട്ടണത്തിൽ ഗണേശ ചതുർത്ഥിയ്ക്കിടെ ഒരു പ്രാദേശിക മേളയിലാണ് സംഭവം.
തലമുടി കെട്ടിവയ്ക്കാതെ റൈഡിൽ ഇരുന്ന പെൺകുട്ടി രണ്ട് തവണ കറങ്ങിയ ശേഷം ചക്രത്തിന്റെ മാസ്റ്റുകളിലൊന്നിൽ മുടി കുടുങ്ങിയതിനെ തുടർന്ന് നിലവിളിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ടതിനെ തുടർന്ന് റൈഡ് നിർത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു .