കെ.ഷിന്റുലാല്‍
കോഴിക്കോട്: കസ്റ്റംസ് അന്വേഷണത്തിന് തടയിടാന്‍ ജയിലില്‍ കഴിയുന്ന സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതികളുടെ “പ്ലാന്‍ ബി ‘ .
സ്വര്ണക്കടത്തിനെക്കുറിച്ചോ വിദേശത്ത് നിന്ന് സ്വര്‍ണം എത്തിക്കുന്നവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ പരമാവധി സമയം നഷ്ടപ്പെടുത്താനാണ് പ്രതികള്‍ക്ക് ലഭിച്ച നിര്‍ദേശം.
സ്വര്‍ണം പിടികൂടാതാരിക്കാനുള്ള എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു കേസിലെ പ്രതിയായ സൂഫിയാനുള്പ്പെടെ ഓപ്പറേഷന് നടത്തിയത്.
എന്നാല്‍ ഇത് പിഴച്ചതോടെയാണ് ഓപ്പറേഷന് ബി നടപ്പാക്കാന്‍ തീരുമാനിച്ചത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നിരപരാധികളാണെന്ന് വരുത്തി തീര്‍ക്കും വിധത്തിലാണ് പ്രതികളുടെ മൊഴികള്‍.
തുടരെയുള്ള ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വന്നാല്‍ കരയാനും തുടങ്ങും. ഇതോടെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുവദിച്ച സമയം പരമാവധി നഷ്ടപ്പെടുത്തുകയുമാണ് ലക്ഷ്യം.
പ്രതികളില്‍ ചിലരെ ചോദ്യം ചെയ്തപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അസാധാരണമായ പെരുമാറ്റ രീതിയില്‍ സംശയം തോന്നിയത്.
കസ്റ്റംസ് ചോദ്യം ചെയ്യുകയാണെങ്കില്‍ ഒരു വിവരവും നല്‍കില്ലെന്ന് പ്രതികളില്‍ ചിലര്‍ പോലീസിന് മുന്നറിയിപ്പും നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ജയിലില്‍ കഴിയുന്ന 17 പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയത്.
പ്രതികളുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ രണ്ട് ദിവസം ചോദ്യം ചെയ്യാനായിരുന്നു ആദ്യം അനുവദിച്ചത്. എന്നാല്‍ സുപ്രീംകോടതി വിധി കസ്റ്റംസ് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് അഭിഭാഷകന്റെ സാന്നിധ്യം ഒഴിവാക്കി.
അതേസമയം രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിക്കണമെന്ന് വീണ്ടും നിര്‍ദേശിക്കുകയും ചെയ്തു.
രണ്ടു ദിവസത്തിനുള്ളില്‍ കേസിലെ മൂന്നു പേരെ മാത്രമേ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് സാധിച്ചിരുന്നുള്ളൂ.
ഇവരാണെങ്കില് പരമാവധി സമയം വൈകിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചു ദിവസം കൂടി അനുവദിക്കണമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എം.രാജേഷ്കുമാര്‍ മഞ്ചേരി കോടതിയില്‍ അപേക്ഷ നല്‍കുകയും കോടതി സമയം നീട്ടി നല്‍കുകയും ചെയ്തു.
കസ്റ്റംസിന്റെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇന്ന് വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിക്കും. കോഴിക്കോടും പെരിന്തല്‍മണ്ണയിലുമുള്ള ജയിലുകളിലാണ് പ്രതികളുള്ളത്.
ഉള്ളിലൊതുക്കി മാസ്റ്റര്‍ ട്രയിനര്‍
വിദേശത്ത് നിന്നുള്ള സ്വര്‍ണക്കടത്തിന്റെ മാസ്റ്റര്‍ ട്രയിനറായ കൊടുവള്ളി വാവാട് സ്വദേശിയാണ് കരിപ്പൂര്‍ കേസില്‍ കസ്റ്റംസിന്റെ തുറുപ്പ്ശീട്ട്.
അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ ഇയാളെ ഉള്‍പ്പെടെയുള്ള 17 പേരേയും വിശദമായി ചോദ്യം ചെയ്യും.
ഇതിനായി ചോദ്യാവലിയും തയാറാക്കി. സ്വര്‍ണം കടത്തുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ പിടികൂടാതിരിക്കാന്‍ ശാസ്ത്രീയ രീതികള്‍ നടപ്പാക്കുന്നതില്‍ പ്രധാനിയായിരുന്നു വാവാട് സ്വദേശി.
വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വര്‍ണം പൊടിച്ച് രാസവസ്തുക്കളില്‍ കലര്ത്തിയടക്കം കടത്തിക്കൊണ്ടു വന്നത് ഇയാളുടെ ആസൂത്രണ മികവായിരുന്നു.
കൂടാതെ കാരിയര്‍മാരുടെ ശരീരത്തില്‍ സ്വര്‍ണം എവിടെയൊക്കെ എങ്ങിനെയൊക്കെ ഒളിപ്പിക്കാം എന്നതും പരീക്ഷിക്കുന്നതും വാവാട് സ്വദേശിയാണ്.
സ്വര്‍ണം കടത്തി ക്കൊണ്ടു വരുമ്പോള്‍ കാരിയര്‍മാരടക്കം എന്തെല്ലാം ശ്രദ്ധിക്കണം എന്നെല്ലാം കൃത്യമായി പഠിപ്പിക്കുന്നതും ഇയാളാണ്.
ഏറെക്കാലമായി സ്വര്‍ണക്കടത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ക്കെതിരേ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) കോഴിക്കോട്, ബംഗളൂരു യൂണിറ്റുകള്‍ കൊഫേപോസയും ചുമത്തിയിരുന്നു.
കേസില്‍ പരപ്പന അഗ്രഹാര ജയിലിലും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുമുണ്ട്.
രാമനാട്ടുകരയില്‍ അഞ്ചു പേര് മരിക്കുകയും സ്വര്‍ണക്കടത്തുകാരുടെ പങ്കു പുറത്താവുകയും ചെയ്തതോടെ ഒളിവില്‍ പോയിരുന്നു. കേസില്‍ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.