ചാന്ദ്ര പുതുവത്സര ആഘോഷങ്ങളാൽ മുഖരിതമാണ് ചൈന. നാടെങ്ങും പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ചൈനക്കാർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്.
ചിലർ ഗിഫ്റ്റ് വൗച്ചറുകളാകും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കൈമാറുന്നത്. ഇപ്പോഴിതാ തനിക്ക് കിട്ടിയ ഗിഫ്റ്റ് വൗച്ചറുകളിൽ ഒന്ന് അച്ഛൻ എടുത്തു എന്ന് പോലീസിൽ വിളിച്ച് പരാതി പറഞ്ഞിരിക്കുകയാണ് ഒരു കുറുന്പൻ.
വടക്ക് കിഴക്കൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ലാൻഷോയിലെ പോലീസ് സ്റ്റേഷനിലേക്കാണ് കുട്ടി പരാതി പറയാനായി വിളിച്ചത്. വീട്ടിൽ ഒരു വൃത്തിക്കെട്ട മനുഷ്യനുണ്ടെന്നും അയാൾ തന്റെ സമ്മാനക്കൂപ്പണുകൾ മോഷ്ടിച്ചെന്നുമായിരുന്നു മകന്റെ പരാതി.
ചൈനക്കാരുടെ ആചാരം അനുസരിച്ച് ആഘോഷ വേളയിൽ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികൾ കൊടുക്കാറുള്ളത് പതിവാണ്. ആഘോഷമൊക്കെ അവസാനിക്കുന്പോൾ കുഞ്ഞുങ്ങളുടെ കൈയിൽ നിന്ന് മാതാപിതാക്കൾ അവയെല്ലാം തിരികെ വാങ്ങാറുമുണ്ട്. അങ്ങനെ ആകാം കുട്ടിയുടെ കൈയിൽ നിന്നും അച്ഛൻ അവനു കിട്ടിയ പൊതി എടുത്തതെന്നാണ് പോലീസ് പറയുന്നത്.