സീമ മോഹന്‍ലാല്‍
കൊച്ചി: നിങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 500 രൂപയില്‍ കുറയാത്ത സംഭാവന നല്കിയ ആളാണോ? അതേ, എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ചിത്രം കാരിക്കേച്ചറായോ ബോട്ടില്‍ ആര്ട്ടായോ നിങ്ങളെ തേടിയെത്തും.
ഈ സൗകര്യമൊരുക്കിയിരിക്കുന്നത് ആയുര്‍വേദ ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും ഓണ്‍ലൈന്‍ കൂട്ടായ്മയായ ടീം ചുക്കുകാപ്പിയാണ്. കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുത്തതിന്റെ ഓണ്‍ലൈന്‍ രസീത് നല്കിയാല് മാത്രം മതി. ചിത്രം നിങ്ങളെ തേടിയെത്തും.
ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിക്കെതിരെ ഒന്നിച്ചു പോരാടുമ്പോള്‍ ആരോഗ്യ സന്ദേശങ്ങളും അറിവുകളും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വ്യത്യസ്തമായ വഴിയൊരുക്കുകയാണ് ‘ടീം ചുക്കുകാപ്പി’.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ചുക്കു കാപ്പി ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന പരമ്പരാഗത ഔഷധ പാനീയമാണ്.
അത് പോലെ കലയും സാഹിത്യവും ചിത്രങ്ങളും ആരോഗ്യവും കോര്‍ത്തിണക്കി ആകര്‍ഷകമായ രീതിയില്‍ പൊതുജനങ്ങളെ ബോധവത്കരിക്കുവാനാണ് വ്യത്യസ്ത അഭിരുചികളുള്ള ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥികളെയും ഡോക്ടര്‍മാരെയും കൂട്ടിയിണക്കി ടീം ചുക്കുകാപ്പി എന്ന ഓണ്‍ലൈന്‍ വേദി രൂപം കൊണ്ടത്.
തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത ഇരുപതോളം സര്‍ക്കാര്‍ സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ നിന്നായി അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഈ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കോവിഡിനെ സംബന്ധിച്ച ദിവസേനയുള്ള വിവരങ്ങള്‍, ആയുഷ് വകുപ്പിന്റെ ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍, രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ മാര്‍ഗങ്ങള്‍, ടെലി കൗണ്‍സിലിംഗ് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ എന്നിവ ചുക്ക് കാപ്പിയുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു. ആയുര്‍വേദ രീതിയില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്ന യൂ ടൂബ് ചാനലും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും വേണ്ടി കണ്‍സപ്റ്റ് പിക്ച്ചറിങ്, പോസ്റ്റര്‍ ഡിസൈനിങ്, കണ്‍സപ്റ്റ് നറേഷന്, വെബ് ഡിസൈനിങ്, കണ്ടന്റ് എഡിറ്റിങ് എന്നിവയ്ക്കുള്ള സാങ്കേതിക സഹായവും ചുക്കുകാപ്പിയിലെ യുവ ഡോക്ടര്‍മാര്‍ ചെയ്തു നല്‍കുന്നുണ്ട്.
ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകനും ആയുര്‍വേദ ഡോക്ടറും കൂടിയായ ഡോ. നിസാര്‍ മുഹമ്മദാണ് ഈ സംരംഭത്തിന്റെ അമരക്കാരന്. ഡോക്ടറും ഗായകനുമായ അരുണ്‍ ഗോപന്, ആര്.ജെ ശ്രുതി തുടങ്ങിയവരും ഈ ടീമിന്റെ ഭാഗമാണ്.
ഡോ. ജാക്വിലിന് ദിലീപ്, ഡോ.സിജിന്‍ സൂര്യ, ഡോ.ഷാന്‍, ഡോ. സ്കന്ദേഷ്, ഡോ. ഡോണ ഡേവിസ്, ഡോ. ജിഷ്ണു.എസ്, ഡോ. ലിന്‍ഡ ജോണ്‍സ്, ഡോ.ശ്രീരാമന് മൂസ്, ഡോ. ഗോഡ്മി, ഡോ.സ്വാതി, ഡോ.രഘു , ഡോ.നവ്യ തുടങ്ങി കേരളത്തിന് അകത്തും പുറത്തും ജോലി ചെയ്യുന്ന ഇരുപതോളം ഡോക്ടര്‍മാരടങ്ങിയ അഡ്മിന് ഗ്രൂപ്പാണ് ചുക്ക് കാപ്പിക്ക് നിലവിലുള്ളത്.കളരി, തായമ്പക, ഗ്രാഫിക്കല്‍ പോര്‍ട്രേറ്റ് എന്നിവയിലെല്ലാം കഴിവു പുലര്‍ത്തുന്ന ഡോക്ടര്‍മാരാണ് ഈ സംഘത്തിലുള്ളത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 160 ഓളം അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. അടുത്തിടെ ലോകത്തിന്റെ ഏതു കോണിലിരുന്നും സൂം ലൈവ് ഡ്രോയിംഗില്‍ പങ്കെടുക്കാനുള്ള സൗകര്യവും ചുക്കുകാപ്പി ഒരുക്കിയിരുന്നു.