കോഴിക്കോട്: രണ്ടുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു.
ചാലപ്പുറം പുഷ്പ ജംഗ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്ളാറ്റിലെ സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചാണ് രണ്ടംഗസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
ഏട്ടുവര്‍ഷമായി സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായി ചാലപ്പുറത്തും പരിസരപ്രദേശങ്ങളിലുമുള്ള കടകളിലേയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണെന്ന് കസബ സിഐ യു.ഷാജഹാന് പറഞ്ഞു. പോലീസ് സ്ഥാപിച്ച കാമറകളും പരിശോധിക്കുന്നുണ്ട്.
ഇതിനു പുറമേ സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
തെരഞ്ഞെടുപ്പിനു ശേഷം പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും കസബ പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിംഗി(27)നെയാണ് ആക്രമിച്ച് നാലുകിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
വയറ്റിൽ കുത്തേറ്റ യുവാവ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെല്‍മെറ്റും മാസ്കും ധരിച്ചയാളാണ് ആക്രമിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.
സ്വര്‍ണ മൊത്ത വ്യാപാരി ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശി ജിത്തുരാജുവിന്റെയും ഫ്ളാറ്റ് ഉടമയായ അമിത്ത്കുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ രാജ്കുമാര് ജെയിനിന്റെയും പങ്കാളിത്തത്തില്‍ നടത്തിവരുന്ന സ്വര്‍ണവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ് കുത്തേറ്റത്.
ജിത്തുസിംഗിനൊപ്പമുണ്ടായിരുന്ന താമസക്കാരനും ഒരേ സ്ഥാപനത്തിലെ ജീവനക്കാരനുമായ ജിതേന്ദ്രസിംഗ് ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് ആക്രമണം.
ജീവനക്കാര്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ വിവിധ ജ്വല്ലറികളില്‍ ഇവര്‍ തന്നെ എത്തിക്കുകയാണ് പതിവ്. കോഴിക്കോട് കേന്ദ്രീകരിച്ച് 15 വര്‍ഷമായി ആഭരണ വില്‍പ്പന നടത്തുന്ന സ്ഥാപനമാണിത്.