മാനസിക കരുത്ത് ആർജിച്ചാൽമാത്രമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിദേശത്ത് പരന്പര നേടാൻ സാധിക്കൂ എന്ന് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ്. ഇന്ത്യക്ക് വിദേശത്ത് പരന്പര നേടാനുള്ള കഴിവുണ്ട്. എന്നാൽ, ശാരീരിക കരുത്തല്ല മാനസിക കരുത്താണ് ആവശ്യം – ഗിൽക്രിസ്റ്റ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ശക്തമായ പോരാട്ടം നടത്തുന്ന പശ്ചാത്തലത്തിലാണ് ഓസീസ് താരത്തിന്റെ അഭിപ്രായപ്രകടനം. ഇംഗ്ലണ്ടിൽ ഏകദിന പരന്പരയും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യക്ക് ശക്തമായ ബൗളിംഗ് നിരയുമുണ്ടെന്നും ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു. ഈ വർഷം അവസാനം ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തും.