പുനെ: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി അണുബാധ (ജിബിഎസ്) സംശയിക്കുന്ന 192 പേരെ കണ്ടെത്തിയെന്നും ഇതിൽ 167പേർക്കു രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് പറഞ്ഞു.
ഇതുവരെ ഏഴുപേർ മരിച്ചു. ആറു മരണങ്ങൾ സംശയാസ്പദമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ 48 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
21 പേർ വെന്റിലേറ്ററിലുണ്ട്. ചികിത്സയ്ക്കു ശേഷം 91 പേരെ ഡിസ്ചാർജ് ചെയ്തു. നാഡീ വ്യവസ്ഥയെ തകർക്കുന്ന അപൂർവരോഗമാണു ഗില്ലൻ ബാരി. രോഗകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പുനെ മുനിസിപ്പൽ കോർപറേഷനിൽ (പിഎംസി) 39, പിഎംസി പ്രദേശത്ത് പുതുതായി ചേർത്ത ഗ്രാമങ്ങളിൽ 91, പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ (പിസിഎംസി) 29, പുനെ റൂറലിൽ 25, മറ്റു ജില്ലകളിൽ 8 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
വിവിധ പ്രദേശങ്ങളിൽ കേസുകൾ വ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.