ബംഗളൂരു/കൊച്ചി: സിനിമാമേഖലയെ പിടിച്ചുലച്ച മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടു നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ പോലീസ് തെരച്ചിൽ.
കോടതിയിൽനിന്നു വാറണ്ട് വാങ്ങിയ ശേഷം ഇന്നു രാവിലെയാണ് ബംഗളൂരുവിലെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) സംഘം ഇവരുടെ വീട്ടിലെത്തിയത്.
ഇന്നലെ കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗൽറാണിയോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് സഞ്ജനക്കു നോട്ടീസ് നൽകിയിരുന്നത്.
എന്നാൽ, നടി ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. സഞ്ജന ഒളിവിൽ പോയെന്നാണു കരുതു ന്നത്. കേസിൽ നിയാസ് എന്നു പേരുള്ള മറ്റൊരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. സഞ്ജനയ്ക്കു പിന്നാലെ മലയാളത്തിലെ നിരവധി ചിത്രങ്ങളിൽ നായികയായിട്ടുള്ള നിക്കിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.
അതേസമയം, കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇത് 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട് ഒരാളെകൂടി അറസ്റ്റ് ചെയ്തതായും സിസിബി പറയുന്നു.
കന്നഡ ചലച്ചിത്ര നിർമാതാവ് ഇന്ദ്രജിത് ലങ്കേഷ് രണ്ടാഴ്ച മുമ്പ് സിസിബിക്കു മുന്നിൽ ഹാജരായി കന്നഡ ചലച്ചിത്രമേഖലയിൽ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.
കന്നടസിനിമയിൽ എന്ന പോലെ മലയാള സിനിമയിലേക്കും വരും ദിവസങ്ങളിലും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നീളുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കേസില്‍ ബംഗളൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപ് കൊച്ചിയിലെ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നു കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
സിനിമ മേഖലകളിലേക്കും മറ്റു ഡിജെ പാര്‍ട്ടികളിലും ഇയാൾ ലഹരിയെത്തിച്ചിരുന്നു. മലയാള സിനിമാമേഖലയുമായി ബന്ധപ്പെട്ട പ്രമുഖ താരങ്ങളും ഇയാളുടെ കണ്ണിയിലെ അംഗമാണെന്നതു സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്.
ഇവരിലേക്കായിരിക്കും അന്വേഷണം നീളുക. സ്വര്‍ണക്കടത്തു കേസില്‍ കൊച്ചിയില്‍ റിമാൻഡിയില്‍ കഴിയുന്ന ആറ് പ്രതികളെ ബംഗളൂരു ലഹരി മരുന്നു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിനു അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി അനുമതി നല്കി.
സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡിലുള്ള കെ.ടി. റമീസിനെ കൂടാതെ കേസിലെ ആറാം പ്രതി മുഹമ്മദ് ഷാഫി, ഏഴാം പ്രതി ഹംജദ് അലി, എട്ടാം പ്രതി സെയ്ത് അലവി, 15-ാം പ്രതി പി.ടി. അബ്ദു, 16-ാം പ്രതി ഹംസത്ത് അബ്ദുസലാം എന്നിവരെ ചോദ്യം ചെയ്യാന്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് കോടതി നിര്‍ദേശം.ലഹരിമരുന്നു കേസില്‍ പിടിക്കപ്പെട്ട കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ ഫോണില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത് അനുവദിക്കണമെന്നാവശ്യപ്പെട്ടു കസ്റ്റംസ് കോടതിയെ സമീപിച്ചത്.