കോട്ടയം: കരുതലാകുമെന്നു കരുതിയ ഇഞ്ചിവില വിളവെടുപ്പ് എത്തിയതോടെ കൈവിട്ടു. രണ്ടു വര്‍ഷത്തോളമായി കിലോയ്ക്ക് 200 രൂപയില്‍ നിന്ന പച്ചയിഞ്ചി നിലവില്‍ 100ല്‍ താഴെയെത്തി. പോയ വര്‍ഷം കിലോയ്ക്ക് 400-450 നിരക്കിലേക്ക് കയറിയ ചുക്കുവില മൂന്നൂറിലേക്ക് കൂപ്പുകുത്തി.
ഇഞ്ചിവില ഉടനെയൊന്നും ഇടിയില്ലെന്ന പ്രതീക്ഷയില്‍ ഏറെപ്പേര്‍ വലിയ തോതില്‍ ഇഞ്ചികൃഷിയിലേക്കിറങ്ങിയിരുന്നു. വയനാട്ടിലും കര്‍ണാടകത്തിലും സ്ഥലം പാട്ടത്തിനെടുത്ത് വന്‍കിടക്കാര്‍ വലിയ തോതില്‍ ഇഞ്ചി നട്ടു. ഒരു കിലോ മുളച്ച വിത്തിന് 250 രൂപയ്ക്കുവരെ വാങ്ങി നട്ടവരാണ് ഇഞ്ചി വിളവെടുത്തപ്പോള്‍ വിലയില്ലാതെ വലയുന്നത്.
വയനാട്ടില്‍നിന്ന് വലിയ തോതില്‍ പച്ചയിഞ്ചി നാട്ടിലേക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കൊല്ലം ഇഞ്ചി ചുരണ്ടി ഉണക്കി ചുക്കാക്കുക കൂടുതല്‍ നഷ്ടവും ബാധ്യതയുമാണ്. ചുക്കും ചതിക്കുമെന്ന ആശങ്കയില്‍ പിടിയാ വിലയ്ക്ക് പച്ചയിഞ്ചി വില്‍ക്കുകയാണ് ഏറെപ്പേരും.
ഭൂമിയുടെ പാട്ടം, പണിക്കൂലി, വളം, ജലസേചനം എന്നിവയെല്ലാം കണക്കാക്കിയാല്‍ ഇക്കൊല്ലം ഇഞ്ചി കൃഷി ഏറെപ്പേരുടെയും കൈപൊള്ളിക്കുന്ന സാഹചര്യമാണ്. അടുത്ത ഓണം സീസണില്‍ വില മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ ഇഞ്ചി പറിക്കാതെ നിറുത്തിയവരുമുണ്ട്.
അതേ സമയം കൃഷിച്ചെലവ് താരതമ്യേന കുറവുള്ള മഞ്ഞളിന് കാര്യമായി വില കുറഞ്ഞിട്ടില്ല. മരുന്ന്, സുഗന്ധദ്രവ്യം, സോപ്പ്, പാചകം എന്നിവയ്ക്ക് മഞ്ഞളിന് നാട്ടിലും വിദേശത്തും ഡിമാന്‍ഡുണ്ട്. ഉണക്കമഞ്ഞളിന് 180 രൂപ വിലയുണ്ട്. മഞ്ഞള്‍പ്പൊടി വിറ്റാലും നിലവില്‍ നഷ്ടമില്ല.