ബെയ്ജിംഗ്: ചുരുങ്ങിയ കാലത്തിനുള്ളിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു സ്മാർട്ട്ഫോണ് കന്പനി ചെയർമാന്റെ പിടിപ്പുകേടുകൊണ്ട് ഇപ്പോൾ പൂർണമായും ഇല്ലാതായ അവസ്ഥയിൽ. ചെനീസ് സ്മാർട്ട്ഫോണ് കന്പനിയായ ജിയോണിയാണ് ഇപ്പോൾ പാപ്പർ നടപടികൾക്കായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഷെൻസെൻ ഇന്റർമീഡിയറ്റ് പീപ്പിൾസ് കോർട്ട് പാപ്പർ ഹർജി സ്വീകരിക്കുകയും ചെയ്തു.
ജിയോണി കഴിഞ്ഞ ഡിസംബർ മുതൽ സാന്പത്തികപ്രതിസന്ധിയിലാണെന്ന് ചൈനീസ് ന്യൂസ് വെബ്സൈറ്റ് ആയ ഫോണിക്സ് നെറ്റ്വർക്ക് ഫിനാൻഷൽ ന്യൂസ് റിപ്പോർട്ട് ചെയ്തു. കന്പനിയുടെ ആകെ ബാധ്യത 2020 കോടി യുവാൻ വരും.
2013-2015 കാലയളവിൽ കന്പനിക്ക് പ്രതിമാസം 1.44 കോടി ഡോളറിന്റെ നഷ്ടമുണ്ടായിരുന്നുവെന്ന് ജിയോണിയുടെ സ്ഥാപകനും ചെയർമാനുമായ ല്യു ലിറോംഗ് പറഞ്ഞിരുന്നു. എന്നാൽ, ഈ നഷ്ടം ലിറോംഗിന്റെ ചൂതാട്ടത്തിന്റെ അനന്തരഫലമായിരുന്നുവെന്ന് പുറത്തുവന്നത് അടുത്തിടെയാണ്.
അടുത്തകാലത്ത് സെയ്പനിലുള്ള ഒരു കാസിനോയിൽ 140 കോടി ഡോളർ ചൂതു കളിച്ച് അദ്ദേഹം കളഞ്ഞിരുന്നു. താൻ ചൂതു കളിച്ച് കളഞ്ഞത് ജിയോണിയുടെ ഫണ്ടല്ല എന്നാണ് ലിറോംഗ് പറയുന്നത്. എന്നാൽ, കന്പനിയുടെ ഫണ്ട് എടുത്തിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.
സ്മാർട്ട്ഫോണ് നിർമാണത്തിനുള്ള കംപോണന്റ് വിതരണക്കാർക്ക് കന്പനി വലിയ തുക നല്കാനുണ്ട്. ഇവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഇവർക്കൊപ്പം പരസ്യ ഏജൻസികൾക്കും പണം കൊടുക്കാനുണ്ട്.ഇന്ത്യയിൽ 650 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യം ജിയോണി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഞ്ചു മുൻനിര സ്മാർട്ട്ഫോണ് കന്പനികളിലൊന്നാവുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം.