അഞ്ജലി അനിൽകുമാർ
പറയാൻ എല്ലാവർക്കും സാധിക്കും, എത്രപേർ പ്രവർത്തിക്കും? ഈ ചോദ്യത്തിനു മുന്നിൽ ഗിരീഷ് കല്ലട എന്ന യുവാവ് പതറാതെ നിൽക്കും. കാരണം അയാൾ നിങ്ങളോടു പറയുന്നത്, പ്രവർത്തിച്ചതിനു ശേഷമാണ്. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിക്കു വേണ്ടി ജീവാമൃതം എന്ന ചിത്രം സംവിധാനം ചെയ്യുന്പോൾ ഗിരീഷിന്റെ മനസുനിറയെ താൻ കടന്നുപോയ നിമിഷങ്ങളും പരിചിതമായ മുഖങ്ങളുമായിരുന്നു.
നാലു വർഷം മുൻപാണു ഗിരീഷിന്റെ സഹോദരി മഞ്ജുഷയുടെ വൃക്കയെ കാർന്നു തിന്നുകൊണ്ടിരുന്ന രോഗത്തെക്കുറിച്ചു വീട്ടുകാർ അറിയുന്നത്. മാസന്തോറും എടുക്കുന്ന നാൽപ്പതിനായിരം രൂപയുടെ ഇഞ്ചക്്ഷന്റെ ബലത്തിൽ മഞ്ജു രണ്ടു വർഷം ജീവിച്ചു. ആ ഇടയ്ക്ക് അനിയത്തിയെ ചികിത്സിക്കുന്ന ഡോക്ടർ ഗിരീഷിനെ വിളിച്ചു. അൽപം ഭയത്തോടെയാണ് ഫോണ് എടുത്തതെങ്കിലും ഡോക്ടർക്ക് പറയാൻ ഉണ്ടായിരുന്നതു ശുഭവാർത്തയാണ്. “മഞ്ജുഷയുടെ വൃക്ക മാറ്റിവയ്ക്കാം, അനുയോജ്യനായ ദാതാവിനെ കിട്ടിയാൽ.’
മഞ്ജുഷയുടെ ഭർത്താവുൾപ്പെടെ നിരവധിപേർ തയാറായി മുന്നോട്ടു വന്നെങ്കിലും ഒന്നും ചേർന്നില്ല. ഒടുവിൽ ചേർന്നത് ഗിരീഷിന്റെ വൃക്ക. തന്റെ വൃക്ക അനിയത്തിക്കു ചേരും എന്നറിഞ്ഞ ഗിരീഷ് രണ്ടാമതൊന്നു ചിന്തിക്കാതെ അവയവ ദാനത്തിനു സമ്മതിച്ചു. അങ്ങനെ ഏറെ നേരം നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കും പ്രാർഥനകൾക്കുമൊടുവിൽ മഞ്ജുഷ ജീവിതത്തിലേക്കു മടങ്ങി, ചേട്ടന്റെ കൈപിടിച്ച്.
ട്രാൻസ്പ്ലാന്േറഷന്റെ ആവശ്യങ്ങൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്നുപോയിരുന്ന സാഹചര്യത്തിലാണ് അവിടെ എത്തുന്ന രോഗികളുടെ ദുരവസ്ഥ ഗിരീഷ് കാണുന്നത്. അതീവ ഗുരുതര അവസ്ഥയിൽ കിടക്കുന്ന മകൾക്കുവേണ്ടി അവയവം ദാനം ചെയ്യാൻ മടിച്ചു നിൽക്കുന്ന അച്ഛനെയും ഗിരീഷ് അവിടെ കണ്ടു. അന്നു തന്നാൽ കഴിയുന്ന വിധം ഈ ചെറുപ്പക്കാരൻ നിരവധിപേരെ സഹായിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കണ്ട ഇത്തരം കാഴ്ചകളാണു തന്റെ ജീവതത്തെ മാറ്റിമറിച്ചതെന്നു ഗിരീഷ് പറയുന്നു.
അവയവദാനം, മസ്തിഷ്ക മരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇന്നും പലർക്കും വ്യക്തമായ ധാരണയില്ല എന്നതാണു നമുക്കിടയിലെ പ്രധാന പ്രശ്നമെന്ന് ഗിരീഷ് പറഞ്ഞു. അതിനെതിരേ ബോധവത്ക്കരണം നടത്തണമെന്ന് എനിക്കു തോന്നി. അതിനായി ഞാൻ കണ്ടെത്തിയ മാർഗമാണ് മരണാനന്തര അവയവദാനം എന്ന വിഷയത്തെ ആസ്പദമാക്കി ചെയ്ത ജീവാമൃതം എന്ന ചിത്രം.
കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വർക്ക് ഫോർ ഓർഗണ് ഷെയറിംഗ് (കഐൻഒഎസ്) അഥവാ മൃതസഞ്ജീവനിയുടെ സഹകരണത്തോടെ നിർമിച്ച ജീവാമൃതം പൂർണമായി തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഒരു മെഡിക്കൽ കോളജിൽ പൂർണമായും ചിത്രീകരിക്കുന്ന ചിത്രം കൂടിയാണു ജീവാമൃതം.
ഡോ. സി. ഉണ്ണികൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സ്ക്രിപ്റ്റിന് ഡോ. തോമസ് മാത്യു, കഐൻഒഎസ് നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവരുടെ മേൽനോട്ടം കൂടിയായപ്പോൾ ജീവാമൃതം കാഴ്ചക്കരുടെ മനസുകളിലേക്ക് ആഴത്തിൽ പതിഞ്ഞു. അവയവദാനത്തിന്റെ എല്ലാ തലങ്ങളും വിശദമായി പഠിച്ച ശേഷമാണ് സിനിമയ്ക്കു തുടക്കം കുറിച്ചത്.
മസ്തിഷ്ക മരണം (ബ്രെയിൻ ഡെത്ത്) സംഭവിച്ച ഒരാളിൽ നിന്ന് അവയവം മറ്റുള്ളവർക്ക് എങ്ങനെ ദാനം ചെയ്യാമെന്നതിനെക്കുറിച്ച് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ശർമദ് ചിത്രത്തിൽ വിശദീകരിക്കുന്നു. അവയവം വിൽക്കാനാണ് എന്നു കരുതി പലരും മാറി നിൽക്കുന്നു.
ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സംസ്ഥാനത്ത് ഉടനീളം പ്രദർശിപ്പിക്കേണ്ട ഇത്തരം ബോധവത്ക്കരണ ചിത്രങ്ങളോട് അധികാരികൾ കാണിക്കുന്ന മുഖം തിരിവ് തീർത്തും വേദനാ ജനകമാണ്-ഗിരീഷ് പറഞ്ഞു.
ഐഎംഎ ജീവദാന അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളാണു ജീവാമൃതം ഇതിനോടകം നേടിയത്. മെഡിക്കൽ കോളജും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്നു പുകവലിക്കെതിരായി നിർമിച്ച ബ്ലാക് ആൻഡ് വൈറ്റ് എന്ന ചിത്രവും ഗിരീഷ് സംവിധാനം ചെയ്തു.
പരിസര മലിനീകരണത്തിനെതിരായി കൊല്ലം ജില്ലാ ശുചിത്വ മിഷനുമായി ചേർന്ന് ഒരുക്കിയ എന്റെ നാട് ആണ് ഗിരീഷിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കേരളത്തിന്റെ ശുദ്ധജല തടാകമായ ശാസ്താംകോട്ടയിലും പരിസരത്തുമായാണ് സിനിമ ചിത്രീകരിച്ചത്.
കാൻസറിനെതിരേ യുവതലമുറയിൽ അവബോധം സൃഷ്ടിക്കാനായി ഒരുക്കുന്ന ഇരുൾവളികൾ ആണു ഗിരീഷിന്റെ പുതിയ ചിത്രം. ഈ ഫീച്ചർ ഫിലിമിന്റെ സ്വച്ചോൺ കർമം കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നു. സർക്കാരിന്റെ ലഹരി വിരുദ്ധ സംഘടനയായ വിമുക്തിയുടെയും കിംസ് കാൻസർ സെന്ററിന്റെയും സഹകരണത്തോടെ ലൈറ്റ് വിഷ്വൽ മീഡിയയാണ്ചിത്രം നിർമിക്കുന്നത്.
സുധീർ കരമനയാണ് മുഖ്യവേഷത്തിലെത്തുന്നത്. മോഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. മോഹൻ റോയിയും കിംസ് ആശുപത്രിയിലെ ഡോ. ബോബൻ തോമസും ചോർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സദാനന്ദൻ-ഉഷ ദന്പതികളുടെ മകനാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ഗിരീഷ്. സംവിധാനത്തോടുള്ള താത്പര്യം കൊണ്ട് മുബൈയിലെ ഡിറ്റക്ടീവ് ഏജൻസിയിലെ ജോലി ഉപേക്ഷിച്ചാണ് ഗിരീഷ് ഈ രംഗത്തേക്ക് എത്തിയത്.