ബംഗളൂരു: എഴുത്തുകാരനും നാടകകൃത്തും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കർണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
കന്നഡ സാഹിത്യത്തിന് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു കർണാട്. എഴുത്തുകാരനുപുറമേ നടനും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കര്‍ണാടിനു രാജ്യം 1992ൽ പത്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. 1974ൽ പത്മശ്രീയും അദ്ദേഹത്തെ തേടി എത്തിയിരുന്നു.
സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം 1998ലാണ് അദ്ദേഹത്തിന് നൽകിയത്. 1938 മേയ് 19ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനുമായി. ഹിന്ദി സിനിമകളിലും ടിവി പരമ്പരകളിലും അഭിനയിച്ചിരുന്നു.