തൃശൂർ: ജനാധിപത്യം നിലനില്ക്കണമെങ്കിൽ അധികാരികൾക്കു മുന്നിൽ ചോദ്യങ്ങൾ ഉയരണമെന്നു സംവിധായകൻ ഗിരീഷ് കാസറവള്ളി. 14-ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സർക്കാരിനോടു വിധേയത്വം പുലർത്തുന്ന കലാകാരന്മാർ നിശബ്ദരായിക്കൂടാ. തങ്ങളുടെ സൃഷ്ടിയിലൂടെ കലാകാരന്മാർ ചോദ്യങ്ങൾ ചാദിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവൽ ഡയറക്ടർ കൃഷ്ണനുണ്ണി അധ്യക്ഷനായി. ഫെസ്റ്റിവൽ ബുക്ക് സംവിധായകൻ കെ. ഗോപിനാഥ്, കൗണ്‍സിലർ സന്പൂർണയ്ക്ക് നൽകി പ്രകാശനം ചെയ്തു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ, ദ ലവർ ഓഫ് കളർ സംവിധാനം ചെയ്ത ശരീഫ് ഈസ, മികച്ച ശബ്ദമിശ്രണത്തിന് അവാർഡ് ലഭിച്ച ജയദേവൻ ചക്കാടത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഫാ. ബെന്നി ബെനഡിക്ട്, എ. രാധാകൃഷ്ണൻ, ചലച്ചിത്രോത്സവ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ഡേവിസ് ചുങ്കത്ത്, ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.സിനിമാസ്വാദകർക്കുള്ള മികച്ച വിരുന്നാകും ഇന്നു മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. അന്തർദേശീയ – ദേശീയ – സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ നാലു സിനിമകളാണ് ഇന്നു പ്രദർശിക്കുന്നത്.